പാലയൂർ: മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർ തോമാശ്ലീഹായുടെ തർപ്പണ തിരുനാളിന്റെ ഭാഗമായി ഇന്നലെ രാത്രിനടന്ന തിരുസ്വരൂപങ്ങളുടെ എഴുന്നള്ളിച്ചുവയ്ക്കൽ ഭക്തിനിർഭരമായി. ആയിരങ്ങൾ പങ്കെടുത്തു.
വൈകിട്ട് ആരംഭിച്ച വിശുദ്ധ കുർബാനയ്ക്കും കൂടുതുറക്കൽ ശ്രൂശൂഷയ്ക്കും അതിരൂപത വികാരി ജനറാൾ മോൺ. ജയ്സൺ കുനംപ്ലാക്കൽ മുഖ്യകാർമികനായിരുന്നു. ആർച്ച്പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. ക്ലിന്റ് പാണേങ്ങാടൻ എന്നിവർ സഹായികളായിരുന്നു
വിവിധ മേഖലകളിൽനിന്ന് രാവിലെ ആരംഭിച്ച എഴുന്നള്ളിപ്പുകൾ രാത്രി പള്ളിയിൽ എത്തി സമാപിച്ചു. വാദ്യമേള ങ്ങളും തേരുകളും പട്ടുക്കുടകളും അകമ്പടിയായി. ബാൻഡ് വാദ്യങ്ങളുടെ സംഗമവും വർണമഴയും ഉണ്ടായിരുന്നു.
ഇന്നു രാവിലെ 6.30ന് ദിവ്യബലി. 10ന് ആരംഭിക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാ നയ്ക്ക് മൈനർ സെമിനാരി റെക്ടർ ഫാ. ജോയ് പുത്തൂർ മുഖ്യ കാർമിനാകും. അതിരൂപത വൈസ് ചാൻസലർ റവ. ഡോ. ഷിജോ ചിരിയങ്കണ്ടത്ത് സന്ദേശം നൽകും. ഉച്ചയ്ക്ക് രണ്ടിന് തീർഥക്കുളത്തിൽ സമൂഹമാമ്മോദീസ, ദിവ്യബലി എന്നിവയ്ക്ക് ബിഷപ് മാർ ടോണി നീലങ്കാവിൽ മുഖ്യ കാർമികനാകും. 4.30 ന് ദിവ്യബലി, പ്രദക്ഷിണം, വർണമഴ. രാത്രി 7.30 മുതൽ മെഗാ ബാൻഡ് ഷോ.
ട്രസ്റ്റിമാരായ പി.എ. ഹൈസൺ, ഫ്രാൻസിസ് ചിരിയങ്കണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, സേവ്യർ വാകയിൽ, ജനറൽ കൺവീനർ ടി.ജെ. ഷാജു, തീർഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, കൺവീനർമാരായ തോമസ് കിടങ്ങൻ, ഫ്രാൻസിസ് മുട്ടത്ത്, ജോയ് ചിറമ്മൽ, തോമസ് വാകയിൽ, എൻ. കെ. ജോൺസൻ, കെ.ജെ. തോമസ്, സി.എഫ്. തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് ഉച്ചവരെ തിരുനാൾ ഭക്ഷണം പാർസലായി ലഭിക്കുമെന്ന് കൺവീനർ എൻ.എൽ. ഫ്രാൻസിസ് അറിയിച്ചു.