എരുമപ്പെട്ടി: കേരളത്തിലെ ക്ഷേത്രങ്ങളിലെ ഇല്ലംനിറയ്ക്കായ് പഴുന്നാന - ചെമ്മന്തിട്ട പാടശേഖത്തിൽ നെൽക്കതിരുകളൊരുങ്ങി. പഴുന്നാന ആലാട്ട് തറവാട്ടുകാരാണ് ഇല്ലംനിറയ്ക്കായ് ഇത്തവണയും കതിരുകൾ വിളയിച്ചത്.
കേരളത്തിലെ 500ൽപരം ക്ഷേത്രങ്ങളിലേക്ക് ഇല്ലംനിറയ്ക്കായി കതിർക്കറ്റകൾ കൊണ്ടുപോകുന്നത് ആലാട്ട് തറവാട്ടിൽ നിന്നാണ്. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് അരനൂറ്റാണ്ടായി കതിർക്കറ്റകൾ നൽകുന്നുണ്ട്. ശബരിമല, ചോറ്റാനിക്കര, വൈക്കം, ഇരിങ്ങാലക്കുട കൂടൽമാണിക്യം, തൃപ്രയാർ, ആറാട്ടുപുഴ, കൊടുങ്ങല്ലൂർ, തളി, തൃപ്പൂണിത്തുറ, ഏറ്റുമാനൂർ, തിരുനക്കര തുടങ്ങിയ ക്ഷേത്രങ്ങളിലേയ്ക്കും നിറപുത്തിരിക്ക് കതിർക്കറ്റകൾ ഇവിടെനിന്നു കൊണ്ടുപോകുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 135 ക്ഷേത്രങ്ങളിലേക്കും കതിർക്കറ്റകൾ ഇവിടെനിന്നുതന്നെ.
60 വർഷം മുമ്പാണ് ആലാട്ട് തറവാട്ടിലെ കാരണവർമാരായ വേലപ്പന്റെയും ഇറ്റ്യാമന്റെയും നേതൃത്വത്തിൽ ഇല്ലംനിറയ്ക്ക് കതിർ വിളയിക്കാൻ തുടങ്ങിയത്. അവരുടെ കാലശേഷം പിൻമുറക്കാരായ കൃഷ്ണൻകുട്ടി, ബാബു, രാജൻ, ചന്ദ്രൻ എന്നിവരാണ് കതിരൊരുക്കുന്നത്.
വിഷു കഴിഞ്ഞാൽ അടുത്ത മുഹൂർത്തത്തിൽ വിത്തിറക്കും. 90 ദിവസംകൊണ്ട് കതിരിടുന്ന കനക ഇനത്തിലുള്ള വിത്താണ് ഉപയോഗിക്കുന്നത്. ഓരോവർഷങ്ങളിലും നാലായിരത്തിലധികം കതിർക്കറ്റകളാണ് ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ലക്ഷണമൊത്ത കതിരുകൾ ലഭിക്കുമെന്നതിനാലാണ് ഇവിടേയ്ക്ക് ആവശ്യക്കാരെത്തുന്നത്. ഇത്തവണത്തെ ആദ്യ കതിർക്കറ്റ ആനായിക്കൽ ചീരംകുളം ഭഗവതിക്ഷേത്രത്തിലേയ്ക്കാണ്. ആലാട്ട് ബാബുവിന്റെ കൃഷിയിടത്തിൽ പ്രസിഡന്റ് കെ.ബി. അശോക്കുമാർ ആദ്യ കതിർ കൊയ്തെടുത്ത് ഉദ്ഘാടനംചെയ്തു.
സെക്രട്ടറി കെ.എസ്. ചന്ദ്രൻ, വൈസ് പ്രസിഡന്റ് ജനവർധനൻ കല്ലായിയിൽ, ഭാരവാഹികളായ രവീന്ദ്രൻ, സദാശിവൻ, സഞ്ജയ്, ബാജി എന്നിവർ പങ്കെടുത്തു.