തൃശൂർ: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള "ഋതു'വിന്റെ രണ്ടാംപതിപ്പ് നാളെയും മറ്റന്നാളും നടക്കുമെന്നു ഫെസ്റ്റിവൽ ചെയർമാനും കോളജ് പ്രിൻസിപ്പലുമായ സിസ്റ്റർ ഡോ. ബ്ലെസി പത്രസമ്മേളനത്തിൽ പറഞ്ഞു.
നാളെ രാവിലെ 9.30നു ചലച്ചിത്രവികസന കോർപറേഷൻ ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്രകേന്ദ്ര ചെയർമാൻ ചെറിയാൻ ജോസഫ്, ഇരിങ്ങാലക്കുട സൊസൈറ്റി പ്രസിഡന്റ് മനീഷ് അരിക്കാട്ട് തുടങ്ങിയവർ പ്രസംഗിക്കും.
അരവിന്ദ് മോഹൻരാജ് സംവിധാനംചെയ്ത "കാട്, കാടർ, ഓങ്കൽ' ആണ് ഉദ്ഘാടനചിത്രം. തുടർന്ന് ഇരുപതോളം സിനിമകളും അവയുടെ സംവിധായകരും മേളയുടെ ഭാഗമാകും. രാവിലെ 9.30 മുതൽ വൈകീട്ട് ആറുവരെ നടക്കുന്ന പ്രദർശനത്തിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ടായിരിക്കും.
ചലച്ചിത്രമേളയ്ക്കു മുന്നോടിയായി ഇന്ന് ഉച്ചയ്ക്കുശേഷം 2.30നു തുരുമ്പ് എന്ന ആശയത്തെ മുൻനിർത്തിയുള്ള ഫാഷൻ ഷോ "കാളിക' നടക്കും. തൃശൂർ ചലച്ചിത്രകേന്ദ്ര, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി, ഇന്ദുചൂഡൻ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ പുനരുപയോഗം, പരിസ്ഥിതിപ്രവർത്തനം എന്നീ ആശയങ്ങൾ ഉൾക്കൊണ്ടാണു ചലച്ചിത്രമേളയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. വനംവകുപ്പ്, കൃഷിഭവൻ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്.
മേളയോടനുബന്ധിച്ച് ഇന്ദുചൂഡൻ ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന ഫോട്ടോഗ്രഫി എക്സിബിഷനും മധുസൂദനൻ നയിക്കുന്ന ലൈവ് കാരിക്കേച്ചറും റിസർച്ച് ഹാളിൽ നടക്കും. ഹിസ്റ്ററി വിഭാഗത്തിന്റെ നേതൃത്വത്തിൽ തത്സമയ മൺപാത്രനിർമാണം, വില്പന, ചരിത്രപ്രദർശനം എന്നിവയുണ്ടാകും. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും നിപ്മർ, സാൻജോ ക്രാഫ്റ്റ് സ്റ്റാളുകളിൽ നടക്കും.
എഴുത്തുകാർക്കും വായനക്കാർക്കുമുള്ള ഇടങ്ങൾ, ഓപ്പൺ കോർഡ്സ് എന്ന തത്സമയസംഗീതപരിപാടി, ഋതുരാം ഡാൻസ് ഷോ, പരമ്പരാഗതകളികൾ, ഭക്ഷണമേള, വെള്ളത്തിന്റെ ഗുണനിലവാരപരിശോധന, ഇ വേസ്റ്റ് നിർമാർജനം, ഇക്കോപോട്ട് വില്പന, ഭക്ഷ്യവസ്തുക്കളിലെ മായംകണ്ടെത്തൽ, പരിസ്ഥിതിസൗഹൃദ ബിസിനസ് ആശയങ്ങളുടെ മത്സരം, പേപ്പർ പ്രസന്റേഷൻ മത്സരം, വിവിധ സെമിനാറുകൾ, സംവാദങ്ങൾ, യാത്രകൾ, കുട്ടികൾക്കായി ഓലയിൽ കലാമത്സരം, വൈദ്യരത്നം ആശുപത്രിയുമായി സഹകരിച്ചുള്ള ആയുർവേദ മെഡിക്കൽ ക്യാമ്പ് എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.
മേളയുടെ പുതുക്കിയ ലോഗോ റിലീസ് ഇന്നസെന്റ് സോണറ്റ് നിർവഹിച്ചു. ഫെസ്റ്റിവൽ ബാഗ്, ബാഡ്ജ് എന്നിവയുടെ പ്രകാശനം വേണുജി നിർവഹിച്ചു. എൻസിസി അവതരിപ്പിച്ച കാവേറ്റം തീം പ്രദർശനോദ്ഘാടനവും കാർണിവൽ കൊടിയേറ്റവും മന്ത്രി ആർ. ബിന്ദു നിർവഹിച്ചു.
പത്രസമ്മേളനത്തിൽ ഫെസ്റ്റിവൽ ഡയറക്ടർ ലിറ്റി ചാക്കോ, സംഘാടകസമിതി ചെയർമാൻ ചെറിയാൻ ജോസഫ്, സംഘാടകസമിതി വൈസ് ചെയർമാൻ പി.കെ. ഭരതൻ, സ്റ്റുഡന്റ് കോ ഓർഡിനേറ്റർ ഗൗരി എന്നിവരും പങ്കെടുത്തു.