വടക്കഞ്ചേരി: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിപിഐയുടെ ജില്ലാ സമ്മേളനം ആരംഭിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുൻ കൃഷി വകുപ്പു മന്ത്രിയുമായ മുല്ലക്കര രത്നാകരൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം കൺവീനർ കെ. രാമചന്ദ്രൻ, ദേശീയ കൗൺസിൽ അംഗം മന്ത്രി ജി.ആർ. അനിൽ, സംസ്ഥാന എക്സി. അംഗം മന്ത്രി കെ. രാജൻ, മുഹമ്മദ് മുഹ്സിൻ എംഎൽഎ, ചാമുണ്ണി, വിജയൻ കുനിശേരി, സിദ്ധാർഥൻ, പൊറ്റശേരി മണികണ്ഠൻ, ഒ.കെ. സെയ്തലവി, സുമലത മോഹൻദാസ്, കബീർ, വാസുദേവൻ തെന്നിലാപുരം, മണ്ഡലം സെക്രട്ടറി പി.എം. അലി പ്രസംഗിച്ചു.
മംഗലം പാലം ബൈപ്പാസ് ജംഗ്ഷനിൽ നിന്നും റെഡ് വോളന്റിയർമാർ മാർച്ചോടെയാണ് സമ്മേളനം തുടങ്ങിയത്. മുതിർന്ന അംഗവും മുൻ മന്ത്രി കെ.ഇ. ഇസ്മയിലിന്റെ സഹോദരനുമായ കെ.ഇ. ഹനീഫ സമ്മേളനനഗരിയിൽ പതാക ഉയർത്തി. ഇന്ന് രാവിലെ പത്തരയ്ക്ക് ത്രീ സ്റ്റാർ ഓഡിറ്റോറിയത്തിൽ കെ.വി. ശ്രീധരൻ നഗറിൽ പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി വിജയൻ കുനിശേരി പതാക ഉയർത്തും. പ്രതിനിധി സമ്മേളനം ദേശീയ എക്സി. അംഗം പി. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരൻ, ദേശീയ കൗൺസിൽ അംഗം മന്ത്രി ജെ. ചിഞ്ചുറാണി, സംസ്ഥാന എക്സി. അംഗങ്ങളായ വി. ചാമുണ്ണി, രാജാജി മാത്യു തോമസ്, സി.എൻ. ജയദേവൻ തുടങ്ങിയവർ പ്രസംഗിക്കും. റിപ്പോർട്ട്, പ്രമേയങ്ങൾ, തെരഞ്ഞെടുപ്പ് തുടങ്ങിയവയോടെ സമ്മേളനം സമാപിക്കും.