ആലത്തൂർ: സംസ്ഥാന കൃഷി വകുപ്പ്, സംസ്ഥാന ഔഷധ സസ്യ ബോർഡ്, തൊഴിലുറപ്പ് പദ്ധതി, നിറ ഹരിതമിത്ര സൊസൈറ്റി, ആലത്തൂർ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി, കൃഷികൂട്ടങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 2025-26 സാമ്പത്തിക വർഷത്തിൽ ആലത്തൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ നടപ്പിലാക്കുന്ന ഔഷധസസ്യകൃഷിക്ക് തുടക്കമായി.
വാണിജ്യ ഔഷധസസ്യകൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി കർഷകൻ കെ.ഡി. ഗൗതമന്റെ കൃഷിയിടത്തിൽ തൈകൾ നട്ടുകൊണ്ട് നിർവഹിച്ചു. 13 ഏക്കർ സ്ഥലത്താണ് കുറുന്തോട്ടി, നെല്ലി, അശോകം, ചെത്തികൊടുവേലി, ശതാവരി, ചിറ്റരത്ത, കാട്ടുപനികൂർക്ക, തിപ്പലി, കറ്റാർവാഴ, ആടലോടകം, തുടങ്ങിയ ഔഷധസസ്യങ്ങൾ കൃഷി ഇറക്കുന്നത്.
കൃഷി ചെയ്തു ഉണ്ടാക്കുന്ന ഔഷധചെടികൾ സംഭരിച്ച് അംഗീകൃത ഏജൻസികൾ മുഖാന്തിരം വിപണനം നിർവഹിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത് ആലത്തൂർ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയെയാണ്.