ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം തങ്ങളുടെ പുതിയ പ്രീമിയം പതിപ്പായ 'ഇൻസ്റ്റാഗ്രാം പ്ലസ്' ആഗോളതലത്തിൽ അവതരിപ്പിച്ചു. വ്യാഴാഴ്ച മുതൽ ഇതിന്റെ റോൾഔട്ട് ആരംഭിച്ചതായി കമ്പനി ഔദ്യോഗികമായി അറിയിച്ചു. നിലവിലുള്ള ഇൻസ്റ്റാഗ്രാം പതിപ്പ് സൗജന്യമായി തന്നെ തുടരുമെന്നും, കൂടുതൽ ഫീച്ചറുകളും നിയന്ത്രണങ്ങളും ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ഒരു ഓപ്ഷണൽ അപ്ഗ്രേഡ് മാത്രമാണ് ഈ സബ്സ്ക്രിപ്ഷൻ എന്നും മെറ്റ വ്യക്തമാക്കി.
സ്റ്റോറി സ്പോട്ട്ലൈറ്റ്, സൂപ്പർ ഹാർട്ട്സ്, മൾട്ടിപ്പിൾ സ്റ്റോറി ഓഡിയൻസ്, സ്റ്റോറി എക്സ്റ്റൻഡ് തുടങ്ങിയ ആകർഷകമായ പ്രീമിയം ഫീച്ചറുകളാണ് ഇൻസ്റ്റാഗ്രാം പ്ലസ് ഉപഭോക്താക്കൾക്ക് ലഭിക്കുക. മേയ് മാസത്തിൽ ഇതിന്റെ പ്രോട്ടോടൈപ്പ് പരീക്ഷണം ഇൻസ്റ്റാഗ്രാം ആരംഭിച്ചിരുന്നു. സാധാരണ 24 മണിക്കൂർ മാത്രം കാണാനാകുന്ന സ്റ്റോറികൾ ഇനി മുതൽ 48 മണിക്കൂർ വരെ നിലനിർത്താം. നിങ്ങളുടെ സ്റ്റോറി മറ്റുള്ളവർ എത്ര തവണ വീണ്ടും എടുത്ത് കണ്ടു എന്നതിന്റെ കൃത്യമായ ഡാറ്റ അറിയാം.
നിങ്ങളുടെ സ്റ്റോറി ആരൊക്കെ കണ്ടു എന്ന് ലിസ്റ്റിൽ സെർച്ച് ചെയ്ത് പെട്ടെന്ന് കണ്ടെത്താം.സ്റ്റോറികൾക്ക് മറുപടി നൽകുമ്പോൾ സ്ക്രീനിലുടനീളം ആനിമേഷനോടെ തെളിയുന്ന ഹൃദയചിഹ്നങ്ങൾ ഉപയോഗിക്കാം. വ്യത്യസ്ത ഗ്രൂപ്പുകൾക്കായി ഒന്നിലധികം കസ്റ്റം ഓഡിയൻസ് ലിസ്റ്റുകൾ ഉണ്ടാക്കി സ്റ്റോറികൾ പങ്കുവെക്കാം. സുഹൃത്തുക്കളുടെ ഫീഡിൽ വരാതെ തന്നെ ചിത്രങ്ങളും വീഡിയോകളും പ്രൊഫൈലിലേക്കോ ഹൈലൈറ്റ്സിലേക്കോ നേരിട്ട് പോസ്റ്റ് ചെയ്യാം.
ഇവയ്ക്ക് പുറമേ കസ്റ്റം ആപ്പ് ഐക്കൺ, കസ്റ്റം ബയോ തുടങ്ങിയ പേഴ്സണലൈസേഷൻ ഫീച്ചറുകളും സ്റ്റോറി പ്രിവ്യൂ ടൂളുകളും പ്ലസ് വരിക്കാർക്ക് ലഭ്യമാകും. 2012 ഏപ്രിലിൽ മെറ്റാ (അന്ന് ഫേസ്ബുക്ക്) 1 ബില്യൺ ഡോളറിന് സ്വന്തമാക്കിയ ഇൻസ്റ്റാഗ്രാമിൽ വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ മോഡൽ കൊണ്ടുവരുന്നത്.
Tags : Instagram 'Instagram Plus' premium subscription Latest News