പൂന: മെഴ്സിഡസ് ബെൻസിന്റെ അത്യാഡംബര എസ്യുവിയായ മേബാക് ജിഎൽഎസ് ഇന്ത്യയിൽ നിർമിക്കുമെന്ന് മെഴ്സിഡസ് ബെൻസ് ഇന്ത്യ പ്രഖ്യാപിച്ചു. കന്പനിയുടെ പൂനയിലെ കേന്ദ്രത്തിലാകും നിർമാണം. ഇതോടെ യുഎസിനു പുറത്ത് മേബാക്ക് ജിഎൽഎസ് നിർമിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.
നേരത്തേ 2021 മുതൽ പൂർണമായും നിർമിച്ച് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിരുന്ന ജിഎൽഎസ് വാഹനമാണ് വിറ്റിരുന്നത്. ജിഎൽഎസിന്റെ ഏറ്റവും പുതിയ സെലിബ്രേഷൻ എഡിഷൻ പുറത്തിറക്കിയവേളയിലാണ് പ്രഖ്യാപനവും വന്നിരിക്കുന്നത്. സെലിബ്രേഷന് 4.1 കോടി രൂപയാണ് എക്സ് ഷോറൂം വില.
ഇന്ത്യയിൽതന്നെ അസംബിൾ ചെയ്യാൻ തുടങ്ങിയതോടെ മെഴ്സിഡസ് ബെൻസ് ജിഎൽഎസിന്റെ വില ഇനി മുതൽ 2.75 കോടി രൂപയിൽ (എക്സ് ഷോറൂം) ആരംഭിക്കും. വാഹനത്തിന്റെ വിലയിൽ ഏകദേശം 40 ലക്ഷം രൂപയുടെ കുറവുണ്ടാകും.
ലോകത്തെ മെഴ്സിഡസ് മേബാക്ക് വിപണികളിൽ ആദ്യമായി ഇന്ത്യ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തിയതാണ് ഇന്ത്യയിൽ കാർ നിർമിക്കാൻ കന്പനിയെ പ്രേരിപ്പിച്ചത്. ഈ നീക്കത്തിലൂടെ കന്പനി ലക്ഷ്യമിടുന്നത് കൂടുതൽ ഉപഭോക്താക്കളിലേക്ക് എളുപ്പത്തിലെത്താനും വാഹനത്തിന്റെ വിതരണ സമയം കുറയ്ക്കാനുമാകും.
Tags : Mercedes Maybach GLS India Mercedes Benz