കൊച്ചി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്‍ഫോപാര്‍ക്കില്‍നിന്നു 110 കമ്പനികള്‍ പ്രവര്‍ത്തനം ഉപേക്ഷിച്ചുപോയതായി പ്രഫഷണല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എല്‍ദോ ചിറക്കച്ചാലില്‍. ഇന്‍ഫോപാര്‍ക്ക് വികസനത്തില്‍ സർക്കാര്‍ വലിയ അനാസ്ഥയാണു കാട്ടുന്നത്.
2024 - 25 കാലയളവില്‍ ഇന്‍ഫോപാര്‍ക്കിനായി ബജറ്റില്‍ നീക്കിവച്ച 26 കോടി രൂപയില്‍ ഏകദേശം രണ്ടു കോടി രൂപ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ട വികസനത്തിനായി കുന്നത്തുനാട് മണ്ഡലത്തില്‍ ഭൂമി ഏറ്റെടുക്കുമെന്ന് മന്ത്രി പി.രാജീവ് പ്രഖ്യാപിച്ചെങ്കിലും എട്ടുമാസം കഴിഞ്ഞിട്ടും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നതായും എല്‍ദോ പറഞ്ഞു.
ഇന്ഫോപാര്ക്കിനു സമീപം 246 ഏക്കര്‍ ഭൂമിയാണ് സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി ഒന്നും ചെയ്യാനാകാതെ കിടക്കുന്നത്. ഈ സാഹചര്യത്തിലാണ് ആവശ്യമായ ഭൂമി ലഭ്യമല്ലാത്തതിനെത്തുടര്‍ന്ന് ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് അപേക്ഷ കൊടുത്ത് 140 കമ്പനികള്‍ കാത്തിരിക്കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷമായി സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ മറുപടി പറയണം.
സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം സ്മാര്‍ട്ട്സിറ്റി സ്ഥലമോ മറ്റേതെങ്കിലും പ്രദേശമോ യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്ത് ഇവിടെ കമ്പനികള്‍ തുടങ്ങിയില്ലെങ്കില്‍ യുവതലമുറ ജോലിക്കായി മറ്റു സംസ്ഥാനങ്ങളെയോ രാജ്യങ്ങളെയോ ആശ്രയിക്കേണ്ടി വരുമെന്നും എല്‍ദോ ചിറക്കച്ചാലില്‍ പറഞ്ഞു. പ്രഫഷണല്‍ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കബീര്‍ ബി. ഹാറൂണും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags : Professional Congress left Infopark companies