മിലിറ്ററി നഴ്സിംഗ് സർവീസിൽ ഓഫീസർ ആകാൻ അവസരമൊരുക്കുന്ന, ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് കോളജുകളിലെ ബിഎസ്സി (നഴ്സിംഗ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. നാലു വർഷമാണു കോഴ്സ് ദൈർഘ്യം.
പെൺകുട്ടികൾക്കാണ് അവസരം. അവിവാഹിതരായ വനിതകൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം. കോഴ്സിനുശേഷം സായുധസേനയിൽ മിലിട്ടറി നഴ്സിംഗ് സർവീസിൽ പെർമനന്റ്/ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറായി നിയമനം ലഭിക്കും.
യോഗ്യത: ബയോളജി (ബോട്ടണി, സുവോളജി), ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നിവയ്ക്ക് 50% മാർക്കോടെ ആദ്യ ചാൻസിൽത്തന്നെ പ്ലസ് ടു (റെഗുലർ) ജയിച്ചിരിക്കണം. നാഷനൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന നീറ്റ് (യുജി) 2025 യോഗ്യത നേടിയവരാകണം.
പ്രായം: 2000 ഒക്ടോബർ ഒന്നിനും 2008 സെപ്റ്റംബർ 30നും മധ്യേ ജനിച്ചവരാകണം. അപേക്ഷാഫീസ്: 200 രൂപ (പട്ടികവിഭാഗത്തിനു ഫീസ് വേണ്ട). നീറ്റ് (യുജി) ഫലം വന്നശേഷം www. joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾ സൈറ്റിൽ പ്രസിദ്ധീകരിക്കും.