ആലപ്പുഴ നഗരസഭാ യുഡിഎഫ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കൊട്ടിക്കലാശത്തില്‍.
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ല ഒരുങ്ങി. വോട്ടുചെയ്യാനായി 2,085 പോളിംഗ് ബൂത്തുകള്‍ സജ്ജം. സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ഉള്‍പ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങളും തയാറായി. നാളെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടിംഗ്. ആറിനുശേഷം ബൂത്തില്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്കി വോട്ടുചെയ്യാന്‍ അവസരമൊരുക്കുമെന്ന് ജില്ലാ വരണാധികാരിയും കളക്ടറുമായ അലക്സ് വര്‍ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലായി 1,666 ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനായി 18,02,555 വോട്ടര്‍മാരാണുള്ളത്. 5,395 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. ഇക്കുറി വാര്‍ഡും ഡിവിഷനുമുള്പ്പെടെ 101 സീറ്റാണ് ജില്ലയില്‍ കൂടിയിട്ടുള്ളത്.
ഒരുസമയം മൂന്നുപേര്‍ക്കു
മാത്രം പ്രവേശനം
ബൂത്തിനുള്ളില്‍ ഒരുസമയം മൂന്നു വോട്ടര്‍മാര്‍ക്കു മാത്രമാണ് പ്രവേശനം. ഒന്നാം പോളിംഗ്് ഓഫീസര്‍ തിരിച്ചറിയല്‍ രേഖ പരിശോധിക്കും. പോളിംഗ് ഏജന്റുമാര്‍ തര്‍ക്കം ഉന്നയിച്ചില്ലെങ്കില്‍ മാത്രമേ ചൂണ്ടുവിരലില്‍ മഷിപുരട്ടൂ. രജിസ്റ്ററില്‍ വോട്ടര്‍ ഒപ്പോ വിരലടയാളമോ പതിക്കണം. തുടര്‍ന്ന്, വോട്ടര്‍പട്ടികയിലെ നമ്പര്‍ രേഖപ്പെടുത്തിയ സ്ലിപ്പ് നല്‍കും. ഇത് പ്രിസൈഡിംഗ് ഓഫീസറെ ഏല്‍പ്പിച്ചാല്‍ വോട്ടുചെയ്യാം.
പച്ചനിറം തെളിഞ്ഞാല്‍
വോട്ടുചെയ്യാം
വോട്ടിംഗ് യന്ത്രത്തില്‍ പച്ചനിറം തെളിഞ്ഞാല്‍ വോട്ടുചെയ്യാം. സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരേയുള്ള നീല ബട്ടണ്‍ അമര്‍ത്തണം. ചുവന്ന ബള്‍ബ് തെളിഞ്ഞാല്‍ നീണ്ട ബീപ് ശബ്ദവും കേള്‍ക്കും. ഇതുവഴി വോട്ടുചെയ്തെന്ന് ഉറപ്പിക്കാം.
ഗ്രാമങ്ങളില്‍ മൂന്നു വോട്ട്,
നഗരത്തില്‍ ഒന്ന്
ഗ്രാമങ്ങളിലുള്ളവര്‍ക്ക് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്നു വോട്ടുണ്ട്. നഗരത്തിലുള്ളവര്‍ക്ക് ഒരു വോട്ടാണുള്ളത്. പഞ്ചായത്തുകളിലുള്ളവര്‍ക്ക് ഇടത്തുനിന്ന് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് ബാലറ്റ് യൂണിറ്റുകള്‍.
മൂന്നുതലത്തിലെയും വോട്ടുരേഖപ്പെടുത്തിയാലേ നീണ്ട ബീപ് ശബ്ദം കേള്‍ക്കൂ. മൂന്നു വോട്ടും ചെയ്യാതെ ഒന്നോ രണ്ടോ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും എന്‍ഡ് ബട്ടണ്‍ അമര്‍ത്തി വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കാം.
തിരിച്ചറിയല്‍ രേഖകള്‍
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് നല്കിയ തിരിച്ചറിയല്‍ കാര്‍ഡ്, പാസ് പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാത്കൃത ബാങ്കില്‍നിന്ന് തെരഞ്ഞെടുപ്പു തീയതിക്ക് ആറുമാസം മുന്‍പുവരെ നല്കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, പുതുതായി പേരു ചേര്‍ത്തവര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് നല്കിയ തിരിച്ചറിയില്‍ കാര്‍ഡ്.
വോട്ടിംഗ് യന്ത്രങ്ങളുടെ
വിതരണം ഇന്ന്
കമ്മീഷനിംഗ് കഴിഞ്ഞ് സ്വീകരണ-വിതരണ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഇന്നു രാവിലെ എട്ടുമുതല്‍ വിതരണം ചെയ്യും. പോളിംഗ് ഓഫീസര്‍മാര്‍ ഇവ ഏറ്റെടുത്ത് ബൂത്തുകളിലെത്തിക്കും. നാളെ രാവിലെ ഏഴിന് മോക്പോള്‍ നടത്തിയശേഷമായിരിക്കും വോട്ടിംഗ് തുടങ്ങുക.
തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമായി നടത്താന്‍ സേനയെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന് പറഞ്ഞു. പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുള്ള 273 ബൂത്തുകളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. 60 ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങുമുണ്ട്.
മത്സരിക്കാന്‍ കൂടുതല്‍
സ്ത്രീകള്‍
72 ഗ്രാമപഞ്ചായത്തുകളിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ആറു നഗരസഭകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമായി മത്സരരംഗത്തുള്ള 5,395 സ്ഥാനാര്‍ഥികളില്‍ 2,950 പേരും സ്ത്രീകളാണ്. പുരുഷന്മാര്- 2445.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ 18
ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 12 വോട്ടെണ്ണല്‍ കേന്ദ്രവും നഗരസഭാ പരിധിയില്‍ ആറു വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമാണുള്ളത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടുകള്‍ എണ്ണുന്നത് ബ്ലോക്കുതലത്തിലെ കേന്ദ്രങ്ങളിലാണ്.