പ്രതീകാത്മക ചിത്രം
കെടുതികള്‍ കൂടി
കൊച്ചി: ജില്ലയില്‍ കാലവര്‍ഷത്തില്‍ 22 ശതമാനത്തിന്റെ കുറവ്. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ ജില്ലയില്‍ 1515.3 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നതെങ്കിലും ലഭിച്ചത് 1178.8 മില്ലിമീറ്റര്‍ മഴയാണ്. ഇതേ കാലയളവില്‍ സംസ്ഥാനത്തും 22 ശതമാനത്തിന്റെ മഴക്കുറവാണ് രേഖപ്പെടുത്തിയത്.
മഴ കുറവായിരുന്നെങ്കിലും കെടുതികളിൽ വര്‍ധനയാണ് ഉണ്ടായത്. മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, കൃഷിനാശം, വീടുകളില്‍ വെള്ളം കയറുന്നത് തുടങ്ങിയ സംഭവങ്ങളിലാണ് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ആഘാതം വര്‍ധിച്ചിട്ടുള്ളത്. കഴിഞ്ഞ ഒന്നരയാഴ്ചയ്ക്കിടെ പെയ്ത മഴയില്‍ ജില്ലയില്‍ ഏഴു വീടുകള്‍ക്ക് ഭാഗികമായും ഒരു വീടിന് പൂര്‍ണമായും കേടുപാടുകള്‍ സംഭവിച്ചു. ആലുവ താലൂക്കിലെ ഒരു കടമുറിക്കും ഭാഗികമായി നാശമുണ്ടായി.
വീടുകള്‍ പലതും വെള്ളത്തില്‍
തീരദേശമേഖയായ ചെല്ലാനം വൈപ്പിന്‍ മേഖലകളില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഇവ വാസയോഗ്യമായി വരുന്നതേയുള്ളൂ. ഇതിനുപുറമേ കൊച്ചി നഗരത്തിനുള്ളിലെ ജനവാസ മേഖലകളും വെള്ളക്കെട്ടിലായി. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതോടെ ജനജീവിതവും കഴിഞ്ഞ രണ്ടാഴ്ചയോളമായി ദുരിതത്തിലാണ്. മൂവാറ്റുപുഴ മേഖലയില്‍ ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം കയറിയത് വലിയ നാശനഷ്ടങ്ങള്‍ക്കിടയാക്കി. മഴയെത്തുടര്‍ന്ന് മൂവാറ്റുപുഴ, കായനാട്, കടാതി, പേഴയ്ക്കാപ്പിള്ളി, പായിപ്ര, മേഖകളിലെ ഏതാനും വീടുകളും തകര്‍ന്നു.
കൃഷിനാശം
കിഴക്കന്‍ മേഖലയായ കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിലും ആലങ്ങാട്, പെരുമ്പാവൂര്‍, ആലുവ പ്രദേശങ്ങളിലുമാണ് കൃഷി നാശം കൂടുതൽ. ഇതില്‍ ഏറ്റവുമധികം ദുരിതം നേരിട്ടത് കോതമംഗലം മേഖലയിലാണ്.
കോതമംഗലം താലൂക്കില്‍ 20 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. കോതമംഗലം ബ്ലോക്കിലെ കവളങ്ങാട്, പോത്തനിക്കാട്, നെല്ലിക്കുഴി, വാരപ്പെട്ടി, പൈങ്ങോട്ടുര്‍, പല്ലാരിമംഗലം എന്നീ പഞ്ചായത്തുകളിലും കോതമംഗലം മുനിസിപ്പാലിറ്റിയിലുമാണ് കൃഷിനാശം ഉണ്ടായത്.
3875 കുലച്ച എത്തവാഴകള്‍, 2050 കുലയ്ക്കാറായ വാഴകള്‍, കായ്ഫലമുള്ള 42 ജാതികള്‍, 50 കമുകുകള്‍, 0.8 ഹെക്ടര്‍ കപ്പ, 0.2 ഹെക്ടര്‍ നെല്ല്, 0.8 ഹെക്ടര്‍ പച്ചക്കറി കൃഷി എന്നിവയ്ക്കാണ് മഴയില്‍ നാശം സംഭവിച്ചിട്ടുള്ളത്.
52ഓളം കര്‍ഷകരാണ് ഇതോടെ ദുരിതത്തിലായത്. ഓണവിപണി മുന്നില്‍ക്കണ്ടാണ് പലരും കൃഷിയിറക്കിയത്. കൃഷിനാശം സംഭവിച്ചതോടെ ഭൂരിഭാഗം കര്‍ഷകരും വലിയ സാമ്പത്തിക ബാധ്യതയിലായി. മൂവാറ്റുപുഴ മേഖലയില്‍ കപ്പയും വാഴയും ഉള്‍പ്പെടെയുള്ള കൃഷികളും നശിച്ചു.
Tags : Nattuvishesham DistrictNews DeepikaNews rainfall