ശേഖരണ കേന്ദ്രത്തില്‍ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നു.
കോട്ടയം: ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ജില്ലയില്‍നിന്നു നീക്കം ചെയ്തത് 518 ടണ്‍ മാലിന്യം. ശേഖരിച്ച മാലിന്യങ്ങള്‍ മുഴുവന്‍ ക്ലീന്‍ കേരള കമ്പനിക്കു കൈമാറി. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നായി 5,18,215.76 കിലോഗ്രാം (518.21 ടണ്‍) അജൈവ മാലിന്യങ്ങളാണ് ശേഖരിച്ചത്. ജില്ലയിലുടനീളം ഹരിതകര്‍മസേനാംഗങ്ങളുടെ വീടുകളിലെ ശേഖരണം, മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളുടെ (എംസിഎഫ്/ആര്‍ആര്‍എഫ്) പ്രവര്‍ത്തനം, തരംതിരിച്ച മാലിന്യങ്ങളുടെ കൈമാറ്റം എന്നിവയുടെ ഭാഗമായാണ് ശേഖരണം നടത്തിയത്.
ജൂണില്‍ ശേഖരിച്ച മാലിന്യങ്ങളില്‍ 4,01,920 കിലോഗ്രാം റിജക്ട് മാലിന്യവും 59,455.76 കിലോഗ്രാം തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യവും 37,210 കിലോഗ്രാം ഗ്ലാസ് മാലിന്യവും 19,630 കിലോഗ്രാം പഴയ മാലിന്യവും ഉള്‍പ്പെടുന്നു. ഇതോടെ ആകെ 5,18, 215.76 കിലോഗ്രാം മാലിന്യം ശാസ്ത്രീയ സംസ്കരണത്തിനായി വിവിധ സംസ്കരണ കേന്ദ്രങ്ങളിലേക്ക് കൈമാറിയിരിക്കുന്നത്. വീടുകളില്‍നിന്നുള്ള അജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ കൃത്യമായി തരംതിരിച്ച് ഹരിതകര്‍മസേനയ്ക്കു കൈമാറുന്ന ജനങ്ങളുടെ സഹകരണമാണു മാലിന്യശേഖരണം കാര്യക്ഷമമാക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകര്‍മസേനാംഗങ്ങള്‍, ക്ലീന്‍ കേരള കമ്പനി ജീവനക്കാര്‍ എന്നിവരുടെ ഏകോപനത്തിലൂടെയാണ് ജില്ലയിലെ മാലിന്യശേഖരണപ്രവര്ത്തനങ്ങള് പുരോഗമിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള എംസിഎഫ്, ആര്‍ആര്‍എഫ് കേന്ദ്രങ്ങളിലേക്ക് മാറ്റുകയും അവിടെനിന്നു പുനരുപയോഗത്തിനായി റീസൈക്ലിംഗ് യൂണിറ്റുകളിലേക്കു മാറ്റുകയുമാണു ചെയ്യുന്നത്.
ശാസ്ത്രീയ മാലിന്യസംസ്കരണം ശക്തിപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനുമായി വരും മാസങ്ങളിലും ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ക്ലീന്‍ കേരള കമ്പനി അധികൃതര്‍ അറിയിച്ചു. നിശ്ചിത ഇടവേളകളില്‍ മാലിന്യ സംസ്കരണരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ തരംതിരിക്കല്‍, ഗുണനിലവാരം മെച്ചപ്പെടുത്തല്‍, അതിലൂടെ വരുമാനം വര്‍ധിപ്പിക്കുന്ന മാര്‍ഗങ്ങള്‍ എന്നിവയിലാണു മാര്‍ഗനിര്‍ദേശം നല്‍കുന്നത്. ക്ലീന്‍ കേരള കമ്പനിയുടെ സെക്ടര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ അന്‍ഷാദ് ഇസ്മായില്‍, അലീന വര്‍ഗീസ്, സജിമോന്‍, നുസി മോള് തുടങ്ങിയവരാണു വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ബോധവത്കരണം പഞ്ചായത്തിലും സ്കൂളുകളിലും
മാലിന്യനിര്‍മാര്‍ജനത്തിന്റെ ബോധവത്കരണം പുതുതലമുറകള്‍ക്കു നൽകുന്നതിനായി ക്ലീന്‍ കേരള കമ്പനി ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്കൂളുകളിലും പഞ്ചായത്തുകളിലും പരിസ്ഥിതി കാമ്പയിന് സംഘടിപ്പിച്ചു. ആദ്യഘട്ടത്തില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ പരിസ്ഥിതി ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, പുനരുപയോഗം, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം. വിജയികള്‍ക്കു മൊമെന്റോകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് മാലിന്യസംസ്കരണത്തിന്റെ പ്രാധാന്യം പരിചയപ്പെടുത്തുന്നതിനായി ബോധവത്കരണ ക്ലാസുകളും നടത്തി.
ക്ലാസുകളില്‍ ഉറവിടതല മാലിന്യങ്ങള്‍ വേര്‍തിരിക്കല്‍, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശരിയായ സംസ്കരണം, പുനരുപയോഗം, പുനഃചംക്രമണം എന്നിവയാണു വ്യക്തമാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് മാലിന്യസംസ്കരണത്തിന്റെ യഥാര്‍ഥ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുന്നതിനായി റിസോഴ്സ് റിക്കവറി ഫെസിലിറ്റികളായ ആര്‍ആര്‍എഫ്, എംസിഎഫ് കേന്ദ്രങ്ങളിലേക്കു പഠന സന്ദര്‍ശനവും നടത്തിയിരുന്നു.
വിദ്യാര്‍ഥികള്‍ ഹരിത കര്‍മസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ എങ്ങനെ തരംതിരിച്ച് സംഭരിക്കുകയും തുടര്‍സംസ്കരണത്തിനായി അയയ്ക്കുകയും ചെയ്യുന്നു എന്നതു നേരിട്ടുകണ്ടു മനസിലാക്കി.
Tags : Nattuvishesham District news