മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്താൻ തേക്കടിയിൽനിന്നു തിരിക്കുന്നു.
കുമളി: അഞ്ചംഗ ഉപസമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തി. കേന്ദ്ര ജലകമ്മീഷൻ ദക്ഷിണ മേഖലാ ഡയറക്ടർ ഗിരിധരൻ അധ്യക്ഷനായ സമിതിയിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും രണ്ട് പ്രതിനിധികൾ വീതമാണുള്ളത്.
പ്രധാന അണക്കെട്ട്, ബേബി ഡാം, എർത്ത് ഡാം, ഗാലറി എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി. അണക്കെട്ടിലെ 13 ഷട്ടറുകളിൽ രണ്ടു ഷട്ടറുകളുടെ പ്രവർത്തനവും പരിശോധിച്ചു. തുടർന്ന് അണക്കെട്ടിൽനിന്നുള്ള ചോർച്ചവെള്ളവും (സീപ്പേജ് വാട്ടർ) സംഘം പരിശോധിച്ചു. മിനിറ്റിൽ 35.038 ലീറ്റർ എന്ന തോതിലാണ് ചോർച്ച രേഖപ്പെടുത്തിയത്. കുമളിയിലെ മേൽനോട്ട സമിതി ഓഫീസിൽ അവലോകന യോഗം ചേർന്നു. നേരത്തേ നടന്ന യോഗങ്ങളിൽ അംഗീകരിച്ച തീരുമാനങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി. അണക്കെട്ടിന്റെ സുരക്ഷ, പരിപാലനം, നിലവിലുള്ള വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചും യോഗത്തിൽ ചർച്ച നടന്നു. 123 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
Tags : Nattuvisesham DistrictNews DeepikaNews Mullaperiyar dam