മരച്ചീനി
നെയ്യാറ്റിന്‍കര : പന്ത്രണ്ടടിയിലധികം ഉയരത്തില്‍ നിറയെ ശിഖരങ്ങളുമായി വളര്‍ന്നു പന്തലിച്ച മരച്ചീനി നാട്ടുകാര്‍ക്ക് കൗതുകമാകുന്നു. പെരുങ്കടവിള മണ്ണറക്കോണത്തെ ശ്രീകുമാർ കാവല്ലൂരിൽ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന സ്ഥലത്തെ ‘ഉള്ളി ചുവപ്പൻ’ ഇനത്തിൽപ്പെട്ട മരച്ചീനിയാണ് കാഴ്ചക്കാരില്‍ വിസ്മയമുണർത്തുന്നത്. നിലവില്‍ കൃഷിയിടത്തിലുള്ള മരച്ചീനിക്ക് 20 മാസം പ്രായമുണ്ട്. വിവിധയിനം കൃഷികൾക്കിടയിൽ പ്രത്യേക പരിചരണം നൽകി വളർത്തിയതാണ് ഈ മരച്ചീനിയെന്ന് ശ്രീകുമാര്‍ പറയുന്നു.
എട്ടുമാസം മുതൽ വിളവെടുക്കാൻ കഴിയുന്നതും നല്ല രുചിയും മികച്ച വിളവും ലഭിക്കുന്നതുമാണ് ‘ഉള്ളി ചുവപ്പൻ’ മരച്ചീനിയിനത്തിന്റെ പ്രത്യേകത. കഴിഞ്ഞ വർഷത്തെ വൈഗ കാർഷിക മേളയിൽ 30 കിലോയോളം ഭാരമുള്ള മരച്ചീനി പ്രദർശിപ്പിച്ചും അദ്ദേഹം ശ്രദ്ധനേടിയിരുന്നു.
അനേകം ജൈവകർഷക പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നാട്ടിന്‍പുറത്തെ കൃഷിയിടങ്ങളിൽ നടക്കുന്ന ഇത്തരം വേറിട്ട പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയും വിജയകരമായ മാതൃകകൾ കൂടുതൽ കർഷകരിലേക്ക് എത്തിക്കുകയും ചെയ്യേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്ന് സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഓര്‍മിപ്പിച്ചു.