കാരപ്പാറ റോഡിൽ കടപുഴകിവീണ കൂറ്റൻമരം.
നെല്ലിയാമ്പതി: നൂറടി- കാരപ്പാറ റോഡിൽ കൂറ്റൻമരം കടപുഴകിവീണതിനെ തുടർന്ന് കാരപ്പാറയിലേക്കുള്ള ഗതാഗതം മണിക്കൂറുകളോളം പൂർണമായും സ്തംഭിച്ചു.
കാരപ്പാറയിൽനിന്ന് ഏകദേശം നാലുകിലോമീറ്റർ അകലെയുള്ള എസ്റ്റേറ്റ് ബംഗ്ലാവിനു സമീപമാണ് കഴിഞ്ഞദിവസം രാത്രിയിൽ പടുകൂറ്റൻ മരം കടപുഴകി റോഡിലേക്കും സമീപത്തെ കാപ്പിത്തോട്ടത്തിലേക്കുമായി വീണത്. കാരപ്പാറയിലേക്കുള്ള ഏക പ്രവേശനപാതയിലേക്കാണ് മരം വീണത്. ഇതോടെ വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. റോഡിന് ഇരുവശത്തും വാഹനങ്ങൾ കുടുങ്ങിക്കിടന്നതോടെ യാത്രക്കാർ ഏറെ ദുരിതമനുഭവിച്ചു. ഗതാഗതം തടസപ്പെട്ടതിനാൽ കെഎസ്ആർടിസി ബസിനു ഈഭാഗത്തേക്കുള്ള സർവീസുകൾ നടത്താൻ സാധിച്ചില്ല.
സ്കൂൾബസുകളും മറ്റുവാഹനങ്ങളും സർവീസ് നിർത്തിവയ്ക്കേണ്ടി വന്നതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിരവധി പേർക്ക് സ്കൂളുകളിലും ജോലിസ്ഥലങ്ങളിലുമെത്താൻ കഴിഞ്ഞില്ല.
വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ചുനീക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ മരം പൂർണമായും നീക്കിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
Tags : Nattuvishesham DistrictNews DeepikaNews Karappara Road.