അഞ്ചല്‍ : അഞ്ചലില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ആലഞ്ചേരി ആഗസ്ത്യക്കോട് പാതയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
പുനലൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയും റിട്ട. അധ്യാപകനുമായിരുന്ന പ്രദീപ് കണ്ണംങ്കോട് സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. പിന്നാലെ വന്ന ബൈക്ക് യാത്രികരാണ് തീ പടരുന്നതായി കാണുന്നത്. ഉടന്‍ കാര്‍ നിര്‍ത്തിക്കുകയും വിവരം ധരിപ്പിക്കുകയും ചെയ്തു. കാര്‍ നിര്‍ത്തി വേഗം പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. പിന്നീട് പുനലൂരില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്സ് സംഘമാണ് തീ പൂര്‍ണമായും അണച്ചത്.
കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കാര്‍ തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. കാറിന് തീ പിടിച്ചതിനെ തുടര്‍ന്നു പാതയിലൂടെയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു. ഫയര്‍ ഫോഴ്സ് എത്തി പൂര്‍ണമായും തീ അണച്ചതിന് ശേഷമാണ് ഗാതഗതം പുന:സ്ഥാപിച്ചത്.