ചെങ്ങന്നൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചപ്പോൾ.
ചെങ്ങന്നൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസിന് തീപിടിച്ചു. ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന് ഹരിപ്പാട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ ആർഎൻസി 878 വേണാട് ഓർഡിനറി ബസിലാണ് ഇന്നലെ വൈകിട്ട് 5.35ഓടെ തീപിടിത്തമുണ്ടായത്. കൃത്യസമയത്ത് യാത്രക്കാരേ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട് ഏതാനും മീറ്ററുകൾ മാറി ഇന്ത്യൻ ഓയിൽ പമ്പിന് സമീപമെത്തിയപ്പോൾ ബസിന്റെ അടിഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് ടൗണിലുണ്ടായിരുന്ന കാൽനടയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും യാത്രക്കാരും ബഹളം വെച്ചതോടെ ഡ്രൈവർ ഉടൻ തന്നെ ബസ് ഒതുക്കി നിർത്തി മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. എൻജിൻ ഭാഗത്തിന് താഴെയുണ്ടായ കേബിൾ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് വെള്ളമൊഴിച്ച് തീയണച്ചു. സംഭവസ്ഥലത്ത് ചെങ്ങന്നൂർ അഗ്നിരക്ഷാ സേന യൂണിറ്റും എത്തിയിരുന്നു. ആർക്കും പരിക്കുകളില്ല.