പ്രതീകാത്മക ചിത്രം
തൊടുപുഴ: ഇടമലക്കുടി നിവാസികളുടെ ദുരിതത്തിന് അറുതിയില്ല. അടിയന്തര ഘട്ടങ്ങളില് രോഗിക്ക് ചികിത്സ ലഭ്യമാക്കണമെങ്കില് വാഹനസൗകര്യമുള്ള സ്ഥലത്തേക്ക് കിലോമീറ്ററുകള് മഞ്ചലിലും മറ്റും ചുമക്കേണ്ട ഗതികേടാണ് കുടിയിലുള്ളവര്ക്ക്. ഇന്നലെ പരപ്പയാര് കുടിയില്നിന്നു രോഗിയെ ഏഴു കിലോമീറ്റര് ചുമന്നാണ് വാഹനസൗകര്യമുള്ള കേപ്പക്കാട് എത്തിച്ചത്. അവിടെനിന്നു ജീപ്പില് മൂന്നാര് ജനറല് ആശുപത്രിയില് എത്തിക്കുകയായിരുന്നു.
കടുത്ത പനിയെത്തുടര്ന്ന് അവശയായ സുമതിയെയാണ് (40) കുടിനിവാസികളുടെ നേതൃത്വത്തില് ചുമന്ന് ആശുപത്രിയില് എത്തിക്കേണ്ടിവന്നത്. ദുര്ഘടപാതയിലൂടെ കൈവരികളോ പാലങ്ങളോ ഇല്ലാത്ത തോടുകളും പുഴകളും താണ്ടിയാണ് രോഗിയെയുമായി എത്തിയത്. പരപ്പയാര് കുടിയില്നിന്നു മറ്റൊരുകുടിയിലേക്ക് പോകണമെങ്കില് പുഴയ്ക്കുകുറുകേ പാലങ്ങളില്ലാത്ത സ്ഥിതിയാണെന്ന് ഇവിടത്തുകാര് പറഞ്ഞു.
ഗുഡലാര് കുടിയില്നിന്നു ദിവസങ്ങള്ക്ക് മുമ്പ് രോഗിയെ ചുമന്ന് ആശുപത്രിയില് എത്തിച്ചിരുന്നു. ഇടമലക്കുടിയില് നിരവധി കുടികള് ഉണ്ടെങ്കിലും ചുരുങ്ങിയ കുടികള്ക്കു മാത്രമാണ് ജീപ്പ് എത്തുന്ന രീതിയില് റോഡുള്ളത്.