പ്രതീകാത്മക ചിത്രം
തണ്ണിത്തോട്: വനത്തോടു ചേര്‍ന്നുകിടക്കുന്ന തണ്ണിത്തോട് പഞ്ചായത്ത് പ്രദേശങ്ങളില്‍ കഴിയുന്നവരുടെ കണ്ണീരിനു പരിഹാരമില്ല. 435 ചതുരശ്ര കിലോമീറ്റാണ് പഞ്ചായത്തിനുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം കച്ചാപട്ടയം നല്കി ഭക്ഷ്യോത്പാദനത്തിനായി താമസിപ്പിച്ചുവന്ന കുടുംബങ്ങളുടെ പിന്തുടര്ച്ചക്കാരാണ് ഇപ്പോഴുമുള്ളത്. ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്തു നാടിനെ പോറ്റിവളര്‍ത്തിയവരാണ് ഇന്നിപ്പോള്‍ വീണ്ടും കാടായി മാറുന്ന ഭൂമിയെ ഓര്‍ത്ത് വിലപിക്കുന്നത്.
കഴിഞ്ഞ ഒരു വ്യാഴവട്ടമായി മേഖലയാകെ ഭീതിയിലാണ്. കാട്ടുമൃഗങ്ങളുടെ ആക്രമണമാണ് പ്രധാന പ്രശ്നം. ഒരു കൃഷിയും ചെയ്യാനാകാത്ത സാഹചര്യം. മണ്ണിനടിയില്‍ നട്ടാല്‍ പന്നി എടുക്കും. ഭൂമിക്കു മുകളിലുള്ളത് ആനയും നശിപ്പിക്കും എന്നതാണ് സ്ഥിതി. കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം മറ്റൊരു വഴിക്കും ഉണ്ടാകും.
തണ്ണിത്തോട് പ്ലാന്റേഷന് കോര്പറേഷന് എസ്റ്റേറ്റില്‍ മൂന്നുവര്‍ഷം മുമ്പ് ഒരു ടാപ്പിംഗ് തൊഴിലാളിയെ കടുവ പിടിച്ചു. 2024ല്‍ കല്ലേലി ആറ്റില്‍ മറ്റൊരാളെ കാട്ടാന ആക്രമിച്ചു കൊന്നു. കഴിഞ്ഞ വര്‍ഷം തൂമ്പാക്കുളത്ത് റോഡില്‍ കിടന്ന പാമ്പിനെ കണ്ടു വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് രണ്ട് കുട്ടികള്‍ മരിച്ച സംഭവവുമുണ്ടായി. വളർത്തുമൃഗങ്ങള്‍ക്കും രക്ഷയില്ലെന്നായി. തൂമ്പാക്കുളം, ആവോലിക്കുഴി മേഖലകളില്‍ പശു, ആട് എന്നിവയെ വ്യാപകമായി നഷ്ടപ്പെട്ടു. രാത്രിയില്‍ പതിയിരുന്ന് വന്യമൃഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയാണ്. നേരം പുലുമ്പോഴേക്കും ഇവയുടെ ജഡം വിദൂരങ്ങളില്‍ കണ്ടെത്തപ്പെടുന്നുണ്ട്. ടാപ്പിംഗ് നടത്തിയും പശുവിനെ വളര്‍ത്തിയും ഉപജീവനം നടത്തിവന്ന തൊഴിലാളികള്‍ പട്ടിണിയിലായി. രണ്ടു ജോലികളും നടത്താനാകാത്ത സ്ഥിതിയുണ്ട്. ഇതോടെ സാമ്പത്തിക മേഖല തകര്‍ന്നു. കുടുംബങ്ങളുടെ വരുമാനം കുത്തനെ ഇടിഞ്ഞു.
ആനയും പന്നിയും മാത്രമല്ല, കുരങ്ങും മയിലും മലയണ്ണാനും കൃഷിയിടങ്ങളില്‍ ചേക്കേറിയിരിക്കുകയാണ്. മലയോര മേഖലയില്‍ സ്വന്തം ആവശ്യത്തിനുപോലും കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്കാകുന്നില്ല. തെങ്ങ് നട്ടാല്‍ കുരങ്ങ് പൂര്‍ണമായി നശിപ്പിക്കും. കരിക്ക് മുതല്‍ തേങ്ങവരെ നഷ്ടമാക്കും. പ്ലാവില്‍ ചക്ക വിരിയുമ്പോള്‍ തന്നെ കാട്ടാന എത്തും. തേക്കുതോട്, തൂമ്പാക്കുളം, പൂച്ചക്കുളം, മൂര്‍ത്തിമണ്‍, ഏഴാംതല എന്നീപ്രദേശങ്ങളില്‍ നിരന്തരം ആനശല്യം ഉണ്ടാകുന്നുണ്ട്. തേക്കുതോട് ജംഗ്ഷന്‍വരെയും ആന എത്തുന്ന സ്ഥിതിയുണ്ട്.
പ്രകൃതിയോടും വന്യമൃഗത്തോടും പടവെട്ടി ഒരുകാലത്ത് പൊന്നുവിളയിച്ച ഭൂപ്രദേശങ്ങളാണ് ഇന്നിപ്പോള്‍ കാടുകയറി കിടക്കുന്നത്. കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാനുള്ള ഇടപെടലാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയിക്കുട്ടി ചേടിയത്ത് പറഞ്ഞു.
അധിനിവേശ സസ്യങ്ങൾ കാട്ടിൽനിന്ന് നീക്കം ചെയ്യണം
തണ്ണിത്തോട്, കൊക്കാത്തോട് മേഖലയിലെ മലയോര കർഷകരും തൊഴിലാളികളും നേരിടുന്ന അതിരൂക്ഷമായ വന്യമൃഗ ഭീഷണി പരിഹരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ പ്രത്യേക ഫണ്ട് നീക്കിവയ്ക്കും. തകർന്ന സോളാർ വേലികൾ പുനഃസ്ഥാപിക്കുന്നതിലും അധിനിവേശ സസ്യങ്ങൾ കാട്ടിൽ നിന്ന് നീക്കം ചെയ്യുന്നതിലും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് വേഗത്തിലുള്ള പ്രതികരണം ഉണ്ടാകണം. ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി കർഷകരുടെ സുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടത്.
റോബിൻ പീറ്റർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.
നാട്ടിലുള്ളത് കാട്ടുപന്നികളല്ല
കാടുവിട്ട് നാട്ടിൻപുറങ്ങളിലെത്തിയ പന്നികൾക്ക് കാട്ടുപന്നിയുടെ സുരക്ഷ ഉറപ്പാക്കേണ്ടതില്ല. സന്ധ്യ മയങ്ങിയാൽ ആളുകൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് കോന്നിയിലെ പല വാർഡുകളിലുമുള്ളത്. റോഡിൽ പന്നികൾ എത്തും. അതുമ്പുംകുളം പയ്യനാമൺ പോലെയുള്ള ജനവാസ മേഖലകളെയും കാടിനെയും വേർതിരിക്കുന്ന ഫലപ്രദമായ ഫെൻസിംഗോ ആനക്കിടങ്ങുകളോ നിർമിക്കാൻ വനം വകുപ്പ് ഉടൻ തയാറാകണം. ജനങ്ങളുടെ ജീവനും വീടുകൾക്കും സംരക്ഷണം നൽകാൻ കഴിയാത്ത സാഹചര്യം തുടർന്നാൽ ജനങ്ങൾ പ്രതീകരിക്കും . അവർക്ക് ഒപ്പം നിന്ന് നാടിനെ സംരക്ഷിക്കും.
പ്രവീൺ പ്ലാവിളയിൽ, കോന്നി ഗ്രാമപഞ്ചായത്തംഗം.
പ്രകൃതിദത്ത ആവാസവ്യവസ്ഥ തകർന്നത് പ്രധാന കാരണം
വനമേഖലയിലെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥ തകർന്നതാണ് വന്യമൃഗങ്ങളിൽ നിന്നും മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങളുടെ മൂലകാരണം. കാടിനുള്ളിൽ മൃഗങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. സ്വാഭാവിക കാടുകൾ വെട്ടിമാറ്റി മുന്‍പ് വച്ചപിടിപ്പിച്ച തേക്ക്, യൂക്കാലിപ്റ്റസ് തോട്ടങ്ങളും അധിനിവേശ സസ്യങ്ങളുമാണ് മൃഗങ്ങളെ നാട്ടിലേക്ക് തള്ളുന്നത്. കേവലം സോളാർ വേലികളോ ആനക്കിടങ്ങുകളോ കെട്ടിയതുകൊണ്ട് ഇതിന് ശാശ്വത പരിഹാരമാകില്ല. കാടിന്റെ ജൈവവൈവിധ്യം വീണ്ടെടുക്കുന്ന ശാസ്ത്രീയ വനവത്കരണം മാത്രമാണ് പരിഹാരം.
കെ.ആർ. പ്രസാദ്, സാമൂഹിക പ്രവർത്തകൻ.
നാട്ടിൻ പുറങ്ങളിലെ കൃഷിയിടങ്ങൾക്കും രക്ഷയില്ല
വർഷങ്ങളായി അധ്വാനിച്ചുണ്ടാക്കിയ കൃഷിമുഴുവൻ കാട്ടുമൃഗങ്ങൾ നശിപ്പിക്കുമ്പോൾ നോക്കിനിൽക്കേണ്ടി വരുന്ന കർഷകന്റെ വേദന കണ്ടില്ലെന്നു നടിക്കാൻ ഭരണകൂടത്തിന് കഴിയില്ല. വന്യമൃഗങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് വിപണി വിലയ്ക്ക് അനുസൃതമായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണം. കൂടാതെ, ബാങ്ക് വായ്പ കുടിശികകൾ പൂർണമായും എഴുതിത്തള്ളി കർഷകരെ കടക്കെണിയിൽ നിന്ന് രക്ഷിക്കാനുള്ള അടിയന്തര നടപടികളാണ് ഉണ്ടാകേണ്ടത്.
ബിജു ടി. അലക്സ്, വ്യവസായി.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണം
വനമേഖലയോടു ചേർന്നുള്ള ഗ്രാമങ്ങളിൽ അധിവസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുകയെന്നത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. വനത്തിനുള്ളിലെ അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്ത് കാടിന്റെ സ്വാഭാവിക അന്തരീക്ഷം വീണ്ടെടുക്കാനും, പാട്ടക്കാലാവധി അവസാനിച്ച വൻകിട എസ്റ്റേറ്റുകൾ സർക്കാർ ഏറ്റെടുത്ത് വനവത്കരണത്തിന് ഉപയോഗിക്കാനും പഞ്ചായത്ത് തലത്തിൽ ശക്തമായ സമ്മർദം ചെലുത്തണം. വന്യമൃഗശല്യം തടയാൻ ഫലപ്രദമായ ശാശ്വത പദ്ധതികൾക്കായി അടിയന്തര ഭരണതല ഇടപെടൽ ഉറപ്പാക്കണം.
വി. ഷാബു, എൻഎസ്എസ് യൂണിയൻ സെക്രട്ടറി, പത്തനംതിട്ട.