ഗുരുവായൂർ പാസഞ്ചർ ഫ്രണ്ട്സിന്റെ ഓണാഘോഷം.
ഗുരുവായൂർ: ഗുരുവായൂർ - എറണാകുളം ട്രെയിൻ ഇന്നലെ മാവേലിയും പുലിക്കളിയും ഓണപ്പാട്ടും തിരുവാതിരയുമായി പാസഞ്ചറോണമായി. സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മയായ ഗുരുവായൂർ പാസഞ്ചർ ഫ്രണ്ട്സിന്റെ നേതൃത്വത്തിലായിരുന്നു വേറിട്ട ഓണ വൈബ് ഒരുക്കിയത്. ഓണപ്പൂക്കളും തോരണങ്ങളുമൊക്കെയായി പാസഞ്ചർ ട്രെയിൻ അലങ്കരിച്ചു.
മാവേലിയുടെ വരവോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് പുലികളി, തിരുവാതിര, ഓണപ്പാട്ടുകൾ, നാടൻകലാരൂപങ്ങൾ, നൃത്താവിഷ്കാരങ്ങൾ, ചെണ്ടമേളം എന്നിവയോടെ ഓണാവേശം കൊട്ടിക്കയറി. കുട്ടികളും സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെയുള്ള യാത്രക്കാർ ആഘോഷത്തിന്റെ ഭാഗമായി. യാത്രക്കാർക്ക് മധുരപലഹാരങ്ങളും ഓണസമ്മാനങ്ങളും വിതരണംചെയ്തു. വിവിധ സ്റ്റേഷനുകളിലെ യാത്രക്കാരും ആഘോഷത്തിൽ പങ്കാളികളായി. ഗുരുവായൂർ പാസഞ്ചർ ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡന്റ് ജോഫി ജോസ്, സെക്രട്ടറി രാജേഷ്, ഭാരവാഹികളായ ഷാജി, ബൈജു, വിനോദ് തുടങ്ങിയവർ നേതൃത്വംനൽകി.
Tags : train journey NattuVishasham DistrictNews