വാഴൂർ: നിർദിഷ്ട എബിസി സെന്റർ (ആനിമൽ ബെർത്ത് കൺട്രോൾ) തുടങ്ങുന്ന വാഴൂർ വെറ്ററിനറി ആശുപത്രി വളപ്പിലെ മരങ്ങൾ അടുത്തയാഴ്ച മുറിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം വി.പി. റെജി പറഞ്ഞു. ഒപ്പം പദ്ധതി പ്രദേശത്തെ രണ്ടു വൈദ്യുത പോസ്റ്റുകളും ലൈനും മാറ്റിസ്ഥാപിക്കുകയും ചെയ്യും. ഇതിനായിവാഴൂർ ബ്ലോക്ക് പഞ്ചായത്ത് 44,000 രൂപ കെഎസ്ഇബിയിൽ അടച്ചിട്ടുണ്ട്.
പദ്ധതി പ്രദേശത്തെ എട്ട് മരങ്ങളാണ് മുറിച്ചുമാറ്റുന്നത്. മൂന്നു തവണ ലേലം നടത്തിയിട്ടും എസ്റ്റിമേറ്റ് തുകയിൽ ലേലത്തുക എത്താതെ വന്നതോടെ കുടിയ ലേലത്തുകയായ 41,000 രൂപയ്ക്ക് സ്ഥിരപ്പെടുത്തുകയാണു ചെയ്തത്.
ഒരു കോടി രൂപയാണ് പദ്ധതിച്ചെലവ്. പദ്ധതിക്കായി വാഴൂർ,കങ്ങഴ, വെള്ളാവൂർ, കറുകച്ചാൽ, ചിറക്കടവ്, നെടുംകുന്നം,കാഞ്ഞിരപ്പള്ളി, എരുമേലി, കോരുത്തോട്, മണിമല, മുണ്ടക്കയം പഞ്ചായത്തുകൾ രണ്ടു ലക്ഷം രൂപ വീതവും കൂട്ടിക്കൽ, പാറത്തോട്, മേലുകാവ്, മൂന്നിലവ്, പൂഞ്ഞാർ, തീക്കോയി, തലനാട്, തലപ്പലം, തിടനാട്, പൂഞ്ഞാർ തെക്കേക്കര എന്നീ പഞ്ചായത്തുകൾ ഒന്നര ലക്ഷം രൂപ വീതം നൽകിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് -15 ലക്ഷം, ഈരാറ്റുപേട്ട ബ്ലോക്ക് - 15 ലക്ഷം, പാലാ നഗരസഭ - 11 ലക്ഷം, ഈരാറ്റുപേട്ട നഗരസഭ - 11 ലക്ഷം, ജില്ലാപഞ്ചായത്ത് - 11 ലക്ഷം, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 15.5 ലക്ഷംഎന്നിങ്ങനെയാണ് ഫണ്ട് നൽകിയിരിക്കുന്നത്. ആകെ ഒരു കോടി 15 ലക്ഷം രൂപയാണ് ശേഖരിച്ചിരിക്കുന്നത്.
25 സെന്റ് സ്ഥലത്ത് 50 പട്ടിക്കൂടുകളാണ് നിർമിക്കുന്നത്. ദിവസം 17 വന്ധ്യംകരണ ശസ്ത്രക്രിയകളാണ് നടത്താൻ കഴിയുക. വന്ധ്യംകരണം ചെയ്ത തെരുവുനായ്ക്കളെ മൂന്നു ദിവസം സെന്ററിൽ പാർപ്പിക്കണം. തുടർന്ന് ഇവയുടെ ചെവിയിൽ അടയാളം രേഖപ്പെടുത്തി പിടിച്ച സ്ഥലത്ത് കൊണ്ടുപോയി വിടും.
Tags : nattu vishesham Trees to be cut down veterinary hospital