പിടിയിലായ രാഗേഷ് അന്നും ഇന്നും.
കണ്ണൂർ: കൊലപാതകവും വധശ്രമവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായി 22 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ കണ്ണൂർ സിറ്റി പൊലിസ് ബംഗളൂരുവിൽനിന്ന് സാഹസികമായി അറസ്റ്റ് ചെയ്തു. കണ്ണൂർ താവക്കര വലിയവളപ്പ് കാവിനടുത്ത് താമസിച്ചിരുന്ന രാഗേഷ് (49) ആണ് പിടിയിലായത്. 2001-ൽ കണ്ണൂർ തളാപ്പിൽ നടന്ന കൊമ്പ്ര പ്രദീപൻ വധക്കേസ്, 2004ൽ കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന സിപിഎം പ്രവർത്തകൻ രവീന്ദ്രന്റെ കൊലപാതകം, 2001ൽ താവക്കരയിൽ യോഗാനന്ദനെ വധിക്കാൻ ശ്രമിച്ച കേസ് എന്നിവയിലെ പിടികിട്ടാപ്പുള്ളിയാണ്. കണ്ണൂർ ടൗൺ പൊലിസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ വിജയ ഭരത് റെഡ്ഢിയുടെ നിർദേശപ്രകാരം നാർക്കോട്ടിക് സെൽ എസിപി വി.വി. മനോജിന്റെയും കണ്ണൂർ എസിപി എം.പി. ആസാദിന്റെയും നേതൃത്വത്തിലുള്ള പ്രത്യേകസംഘം മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരു തർബനഹള്ളി കേന്ദ്രീകരിച്ച് ഒരാഴ്ചയോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് രാഗേഷ് താമസിച്ചിരുന്ന വീട് കണ്ടെത്തിയത്. തുടർന്ന് ഇന്നലെ അർധരാത്രിയോടെ പ്രത്യേക അന്വേഷണ സംഘം വീട് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വളർത്തുനായയെ ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘം സാഹസികമായി പ്രതിയെ പിടികൂടി.
നാട്ടിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ നേരത്തെ ബംഗളൂരുവിൽ ജോലി ചെയ്തിരുന്നതായി പൊലിസിന് വിവരം ലഭിച്ചിരുന്നു. പഴയ സുഹൃത്തിൽനിന്ന് അവ്യക്തമായ ഫോട്ടോ ലഭിച്ചതും അന്വേഷണത്തിൽ വഴിത്തിരിവായി. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫോട്ടോ കൂടുതൽ വ്യക്തതയോടെ പൊലിസ് തയാറാക്കി നടത്തിയ അന്വേഷണമാണ് ബംഗളൂരുവിലേക്ക് എത്തിച്ചത്. സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക സ്ക്വാഡ് അംഗങ്ങളായ എസ്ഐ വിനോദ്, എഎസ്ഐമാരായ ഷാജി, രാജീവൻ, സ്നേഹേഷ് ,സജിത്ത്, സിപിഒമാരായ നാസർ, അനുപ്, ഷംസീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വീട്ടിലെ ഫോട്ടോകളുമായി മുങ്ങി; ഒടുവിൽ ആ ഫോട്ടോയിൽ കുടുങ്ങി
കണ്ണൂർ: വീട്ടിലുണ്ടായിരുന്ന ഫോട്ടോകളെല്ലാം എടുത്താണ് രാഗേഷ് ഒളിവിൽ പോയത്. ഇതേക്കുറിച്ച് ചോദിച്ച വീട്ടുകാരോട് സിനിമയിൽ അഭിനയിക്കാൻ വേണ്ടി അയച്ചുകൊടുക്കാനാണെന്നാണ് പറഞ്ഞത്. അതുകൊണ്ടുതന്നെ ജാമ്യത്തിലിറങ്ങി മുങ്ങിയ രാഗേഷിനെ തേടി പൊലിസ് പലതവണ വീട്ടിലെത്തിയെങ്കിലും കേസിലേക്ക് ആവശ്യമായ തെളിവോ ഫോട്ടോയോ ഒന്നും കിട്ടിയില്ല. അതിനിടെയാണ് രാഗേഷിന്റെ പഴയൊരു സുഹൃത്തിൽനിന്ന് കിട്ടിയ ഫോട്ടോ പൊലിസിന് പിടിവള്ളിയായത്. പ്രഫഷണലുകളെ ഉപയോഗിച്ച് ഫോട്ടോയിൽ കാലത്തിന് അനുസരിച്ച് മാറ്റം വരുത്തി നടത്തിയ അന്വേഷണം ഒടുവിൽ പ്രതിയിലേക്ക് എത്തി.
ഫോട്ടോ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിനടുത്ത് ഒരു മലയാളി നടത്തുന്ന കാറ്ററിംഗ് സ്ഥാപനത്തിൽ പ്രതിയെ കണ്ടെന്ന് നിർണായക വിവരം ലഭിച്ചു. ബംഗളൂരു കേന്ദ്രീകരിച്ച് കാറ്ററിംഗ് നടത്തുന്ന മലയാളികളെ കേന്ദ്രീകരിച്ചായി പിന്നീട് അന്വേഷണം. അങ്ങനെയാണ് തർബനഹള്ളിയിൽ മറ്റൊരു പേരിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. ‘സാബു’ എന്ന പേരിലാണ് അവിടെ അറിയപ്പെട്ടിരുന്നത്. തൃശൂർ സ്വദേശിനിയായ സ്ത്രീയെ വിവാഹം കഴിച്ച് ഏകദേശം 20 വർഷമായി കുടുംബസമേതം താമസിച്ചുവരികയായിരുന്നു.
കാറ്ററിംഗ് ജോലി കഴിഞ്ഞാൽ അധികസമയവും വീട്ടിൽ തന്നെ കഴിയുന്നതിനാൽ നാട്ടുകാർക്ക് ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങളില്ലായിരുന്നു. ടൂവിലറിന്റെ നമ്പർ സംഘടിപ്പിച്ച് നടത്തിയ അന്വേഷണത്തിൽ അത് രാഗേഷ് എന്ന പേരിലാണെന്ന് മനസിലായി. ആർസി വിവരങ്ങൾ പരിശോധിച്ചപ്പോൾ ഒരു ഫോൺ നമ്പർ കിട്ടി. അതും രാഗേഷ് എന്ന് പേരിലായിരുന്നു. അതിന്റെ വിശദാംശങ്ങൾ എടുത്തപ്പോൾ ഫോട്ടോയും കിട്ടി. ഫോട്ടോ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിച്ചപ്പോൾ അവർ രാഗേഷിനെ തിരിച്ചറിയുകയുമായിരുന്നു.
ജയിലിനുള്ളിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം
കണ്ണൂർ: ജയിലിനുള്ളിൽ നടന്ന ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായിരുന്നു ഇന്നലെ അറസ്റ്റിലായ രാഗേഷ് ഉൾപ്പെടുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന കെ.പി. രവീന്ദ്രൻ വധക്കേസ്. 2004 ഏപ്രിൽ ആറിനാണ് സിപിഎം പ്രവർത്തകനും ജീവപര്യന്തം തടവുകാരനുമായിരുന്ന നാദാപുരം സ്വദേശി രവീന്ദ്രൻ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കേസിൽ 2019 ജൂലൈ അഞ്ചിന് തലശേരി അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ഒന്പത് ബിജെപി- ആർഎസ്എസ് പ്രവർത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസിൽ 12-ാം പ്രതിയായിരുന്നു രാഗേഷ്.
Tags : Local News Nattuvishesham arrested