അനധികൃത വാഹന പാർക്കിംഗ്
പൂവാർ : കോവളം - കാരോട് ബൈപാസ് റോഡിലെ കാഞ്ഞി രംകുളം, പുറുത്തിവിള ജംഗ്ഷനുകളിൽ അനധികൃത വാഹന പാർക്കിംഗ് മൂലം അപകടങ്ങൾ നിത്യസംഭവമാകുന്നു.സർവീസ് റോഡുകളിലും ജംഗ്ഷനുകളിലും നിരത്തിയിട്ടിരിക്കുന്ന കൂറ്റൻ ലോറികളും മറ്റു സ്വകാര്യ വാഹനങ്ങളുമാണു യാത്രക്കാരുടെ കാഴ്ച മറച്ച് അപകടഭീഷണി ഉയർത്തുന്നത്.
പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിൽ വാഹനം നിർത്തിയിടുന്നതുമൂലം എതിർദിശയിൽനിന്നു വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്. സമീപകാലത്താ യി ഇവിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിരവധിപേരുടെ ജീവൻ പൊലിഞ്ഞ സംഭവങ്ങളുമുണ്ട്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് കൂടിയാകുന്നതോടെ കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും ജീവൻ പണയംവച്ചാണ് യാത്ര ചെയ്യുന്നത്.
ജംഗ്ഷനുകളിലെ അനധികൃത പാർക്കിംഗിനെതിരേ നാട്ടുകാർ പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. കാഞ്ഞിരംകുളം, പൂവാർ പൊലിസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും പാർക്കിംഗ് നിരോധിത മേഖലകളിൽ ബോർഡുകൾ സ്ഥാപിച്ച് നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.