കുന്പഴ ജംഗ്ഷനിലെ ഗതാഗത പ്രശ്നങ്ങൾ
പത്തനംതിട്ട: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കുന്പഴ ജംഗ്ഷനിൽ വർധിച്ചുവരുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടികൾക്കു നിർദേശം. അബിൻ വർക്കി എംഎൽഎയുടെ നേതൃത്വത്തിൽ കുന്പഴ ജംഗ്ഷനിൽ പൊതുമരാമത്ത്, കെഎസ്ടിപി ഉദ്യോഗസ്ഥരുമായി നടത്തിയ പരിശോധനയുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് നടപടി.
കുമ്പഴ ജംഗ്ഷനിൽ ടൈമർ സംവിധാനം ഉള്ള സിഗ്നൽ ലൈറ്റ് അടിയന്തരമായി സ്ഥാപിക്കുവാൻ കെഎസ്ടിപി ക്ക് എംഎൽഎ നിർദേശം നൽകി. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി റോഡിൽ സ്പീഡ് ബ്രേക്കറുകൾ, മുന്നറിയിപ്പ് ബോർഡുകൾ, അപകട മരണങ്ങൾ കുറയ്ക്കുവാൻ റോഡിന്റെ മധ്യത്തിൽ റബർ സ്റ്റമ്പുകൾ എന്നിവയും കെഎസ്ടിപി ഒരുക്കണം. കെഎസ്ടിപിയുടെ ചുമതലയിൽ പുനർനിർമാണം നടത്തിയ പിഎം റോഡിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള സംവിധാനങ്ങൾ ക്രമീകരിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്ന ആക്ഷേപം ഉയർന്നിരുന്നു.
പ്രധാനപ്പെട്ട നാല് റോഡുകൾ സന്ധിക്കുന്ന കുന്പഴ ജംഗ്ഷനിൽ വാഹനങ്ങൾ അലക്ഷ്യമായി ഓടിയെത്തുന്നതാണ് പല അപകടങ്ങൾക്കും കാരണമാകുന്നത്. പൊതുമരാമത്ത് വിഭാഗത്തിന്റെ കീഴിലുള്ള തിരുവല്ല - കുമ്പഴ റോഡിലും മലയാലപ്പുഴ റോഡിലും പിഡബ്ല്യുഡി ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണം. ഇവിടെ സ്പീഡ് ബ്രേക്കറുകൾ മുന്നറിയിപ്പ് ബോർഡുകൾ സൂചികകൾ അപകടങ്ങൾ കുറയ്ക്കുവാൻ റബർ സ്റ്റമ്പുകൾ എന്നിവ പൊതുമരാമത്ത് വകുപ്പ് ഒരുക്കണമെന്നും എംഎൽഎ നിർദേശിച്ചു. തുടർ അവലോകനയോഗം 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് പത്തനംതിട്ട കളക്ടറേറ്റിൽ ചേരും.
റവന്യൂ കെഎസ്ടിപി പൊതുമരാമത്ത്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പത്തനംതിട്ട നഗരസഭ കൗൺസിലർമാരും എംഎൽഎയുമായി ആശയ വിനിമയം നടത്തി. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ ഉണ്ടായ ഗുരുതര വീഴ്ചയാണ് കുന്പഴയിൽ നിരവധി ജീവനുകൾ പൊലിയാൻ ഇടയായതെന്ന ആക്ഷേപം ജനപ്രതിനിധികൾ ഉന്നയിച്ചു. കഴിഞ്ഞദിവസവും മലയാലപ്പുഴ സ്വദേശിയായ സ്കൂട്ടർ യാത്രക്കാരി ചരക്ക് വാഹനത്തിനടിയിൽപ്പെട്ട് മരിച്ചിരുന്നു.
പത്തനംതിട്ട എഡിഎം ആർ. രാജലക്ഷ്മി, സി.ശ്യാം, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ കെ. മുരുകേഷ്, കെഎസ്ടിപി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയർ സ്റ്റെമേഴ്സൺ, പത്തനംതിട്ട നഗരസഭാ കൗൺസിലർമാരായ അംബികാ വേണു,അൻസാർ മുഹമ്മദ്, കെ. ആർ. അരവിന്ദാക്ഷൻ നായർ,നജീം രാജ് എന്നിവരും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോജി പോൾ ഡാനിയേൽ ,ജി. ആർ ബാലചന്ദ്രൻ, ജോൺസൺ മാടപ്പള്ളി, അജികുമാർ , ടിജു വർഗീസ്ദാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.