കൊച്ചി: കൊതുകുശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഒരു മാസത്തെ കര്‍മപദ്ധതിയുമായി കോര്പറേഷന്. മരുന്നുതളിക്കലും ഫോഗിംഗും ശാസ്ത്രീയമായി നടത്തി, കൊതുകിനെ തുരത്താനുള്ള പ്രവര്‍ത്തനത്തിനാണ് തുടക്കമിടുന്നത്.
സ്പ്രേ മെഷീനുകളുടെയും ഫോഗിംഗ് മെഷീനുകളുടെയും നിലവിലെ തകരാറുകള്‍ പരിഹരിച്ച് കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കാന്‍ ആരോഗ്യ വിഭാഗത്തിനു നിര്‍ദേശം നല്‍കിയതായി മേയര്‍ അഡ്വ. വി.കെ. മിനിമോള്‍ കൗണ്‍സിലിനെ അറിയിച്ചു. ആഴ്ചയില്‍ മൂന്ന് തവണ കാനകളില്‍ മരുന്ന് തളിച്ച് മാസ് ഫോഗിംഗ് ചെയ്യുന്നതാണ് കര്‍മപദ്ധതി. രാവിലെ മരുന്ന് തളിച്ചശേഷം വൈകുന്നേരം ഇതേ സ്ഥലത്ത് ഫോഗിംഗ് ചെയ്യും.
വീടുകളില്‍ നിന്ന് ജൈവമാലിന്യം ശേഖരിക്കുന്നതിനുള്ള യുസര്‍ഫീ 200 രൂപയായി വര്‍ധിപ്പിച്ച കഴിഞ്ഞ കൗണ്‍സിലിന്റെ തീരുമാനം നടപ്പാക്കുമെന്നും മേയര്‍ പറഞ്ഞു. പക്ഷെ ഹരിതകര്‍മ സേനയുടെ ബൈലോയില്‍ 150 രൂപ യൂസര്‍ഫീ വാങ്ങാനാണ് നിര്‍ദേശമുള്ളത്. അത് 200 രൂപയാക്കി വര്‍ധിപ്പിക്കണമെങ്കില്‍ ബൈലോയില്‍ മാറ്റം വരുത്തണം. ഒറ്റയടിക്ക് തീരുമാനം നടപ്പാക്കാന്‍ ശ്രമിക്കില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഫീസ് വര്‍ധന പ്രബല്യത്തില്‍ വരികയെന്നും മേയര്‍ പറഞ്ഞു.
കോര്പറേഷന് പരിധിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ജല അഥോറിറ്റി ഉദ്യോഗസ്ഥരുമായി അടിയന്തിര യോഗം ചേരും. കുടിവെള്ള പൈപ്പിലൂടെ മലിനജലം ലഭിക്കുന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്. തമ്മനത്തെ തകര്‍ന്ന കുടിവെള്ള സംഭരണി പൂര്‍വ സ്ഥിതിയിലാക്കുക അപ്രായോഗികമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവിടെ പുതിയ ടാങ്ക് നിര്‍മിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ബയോമാലിന്യ ശേഖരണത്തിനുള്ള നിരക്ക് 45 രൂപയാക്കാന്‍ തീരുമാനിച്ചതായി താന്‍ പറഞ്ഞിട്ടില്ലെന്നു മേയര്‍ വിശദീകരിച്ചു. ഏജന്സിയാണിപ്പോള് നിരക്ക് കൂട്ടിയത്. അറിഞ്ഞപ്പോള്‍ തന്നെ അത് നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശം നല്കി. ബ്രഹ്മപുരത്തെ ബയോമാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കല്‍, ഡ്രയര്‍ സ്ഥാപിക്കല്‍ എന്നീ വിഷയങ്ങളില്‍ പത്ത് ദിവസത്തിനകം തീരുമാനമെടുക്കാന്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചു. മുല്ലശേരി കനാല്‍ നവീകരണവുമായി ബന്ധപ്പെട്ട് അടിയന്തിരയോഗം ചേരുമെന്നും മേയര്‍ പറഞ്ഞു.
Tags : nattu vishesham Action plan mosquitoes