പൂവച്ചൽ പഞ്ചായത്ത് അധികൃതർ അനധികൃത പന്നി ഫാമുകൾ സന്ദർശിച്ച് നടപടികളെടുക്കുന്നു.
പൂവച്ചൽ: പൂവച്ചൽ പഞ്ചായത്തിലെ കരിയംകോട് വാർഡിൽ കാലങ്ങളായി നിലനിന്നിരുന്ന മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി, അനധികൃതമായി പ്രവർത്തിച്ചുവരുന്ന പന്നിഫാമുകൾക്കെതിരെ നടപടി ശക്തമാക്കി പഞ്ചായത്ത് അധികൃതർ.
പഞ്ചായത്ത് പ്രസിഡന്റ് അമല ടീച്ചറുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലങ്ങൾ സന്ദർശിച്ച് നേരിട്ട് പരിശോധന നടത്തി.
കരിയംകോട് വാർഡിൽ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയ ഇരുപതോളം പന്നിഫാമുകൾക്കാണ് പഞ്ചായത്ത് നോട്ടീസ് നൽകിയിരിക്കുന്നത്. നിയമലംഘനം കണ്ടെത്തിയ കേന്ദ്രങ്ങൾക്കെതിരേതുടർനടപടികൾ ആരംഭിക്കുകയും ഇതിന്റെ ഭാഗമായി ഇന്നലെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചില കേന്ദ്രങ്ങളിലെ പന്നികളെ പിടിച്ചുമാറ്റുകയും ചെയ്തു. വരുംദിവസങ്ങളിലും പരിശോധനകളും കർശന നിയമനടപടികളും തുടരുമെന്നു പഞ്ചായത്ത് പ്രസിഡന്റ് അമല ടീച്ചർ അറിയിച്ചു.
പഞ്ചായത്തിലെ മാലിന്യപ്രശ്നം പൂർണമായി പരിഹരിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.