ചക്കിട്ടപാറ ടൗണിനു സമീപം കാപ്പുകാട്ടിൽ കൃഷിയിടത്തിൽ കണ്ടെത്തിയ ആഫ്രിക്കൻ ഒച്ച് ശേഖരം.
ചക്കിട്ടപാറ: അതിരൂക്ഷമായ ആഫ്രിക്കൻ ഒച്ച് ശല്യം നിർമാർജ്ജനം ചെയ്യുന്നതിന് ചക്കിട്ടപാറയിൽ പ്രത്യേക യജ്ഞത്തിന് ഇന്ന് തുടക്കമാകും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി- ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ കർഷകരെ ഒപ്പം നിർത്തിയാണ് പരിപാടി നടപ്പാക്കുന്നത്. ഇതിന് മുന്നൊരുക്കം നടത്തുന്നതിനായി ബന്ധപ്പെട്ടവരുടെ വിപുലമായ യോഗം ഇന്നലെ പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് മോളി തോമസിന്റെ അധ്യക്ഷതയിൽ ചേർന്നു.
കോഴിക്കോട് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അജയ് അലക്സ് മുഖ്യ പ്രഭാഷണം നടത്തി. ഒച്ച് ബാധിത മേഖലയിലെ ജനങ്ങൾ ഒന്നിച്ചു നിന്നു പ്രവർത്തിച്ചാൽ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
മുമ്പ് വയനാട്ടിൽ ഈ പ്രശ്നം ഇതേ പോലെ പരിഹരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രശ്നവും കൃഷി നാശവും ഒരു പോലെ സൃഷ്ടിക്കാൻ ഈ ഒച്ചുകൾക്ക് സാധിക്കും. സഡൻ ആക്ഷൻ ഇതിനെതിരേ ഉണ്ടാകണം. ചക്കിട്ടപാറ പഞ്ചായത്തിലെ ആഫ്രിക്കൻ ഒച്ച് വ്യാപനം വിവരണാധീതമാണെന്ന് പേരാമ്പ്ര എഡിഎ അഞ്ജലി എ. ഹരി പറഞ്ഞു.
ഇത് പരിഹരിക്കാൻ മാസ് മൂവ്മെന്റ് തന്നെ വേണമെന്ന് അവർ കൂട്ടിച്ചേർത്തു. ഇതനുസരിച്ചുള്ള നടപടിക്രമങ്ങൾ വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് യോഗത്തിൽ അറിയിച്ചു.
പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ട 2,10,11,12 വാർഡുകളിൽ ഒച്ചുകളെ പിടിക്കാൻ ഇന്ന് വൈകീട്ട് തന്നെ പ്രകൃതി സൗഹൃദ കെണികളൊരുക്കും. നാല് തരം കെണികളാണ് ഒന്നിച്ച് സ്ഥാപിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന ഒച്ചുകളെ കൊന്നൊടുക്കി ശാസ്ത്രീയമായി കുഴിച്ചു മൂടും. തുടർച്ചയായി നാല് ദിവസം ഈ പ്രക്രിയ നടത്തും. ഇതിനായി പ്രശ്ന ബാധിത വാർഡുകളിലെ മെമ്പർമാരുടെ നേതൃത്വത്തിൽ പത്തംഗ ടീമിനെ നിയോഗിക്കും.
ഇവർക്ക് കൃഷി- ആരോഗ്യ വകുപ്പ് വിദഗ്ധർ മാർഗ നിർദ്ദേശം നൽകും.
ആഫ്രിക്കൻ ഒച്ചിനെ പിടിക്കാനിറങ്ങുന്ന ഓരോ സംഘത്തിനുമുള്ള സുരക്ഷാ സംവിധാനങ്ങൾ പഞ്ചായത്ത് ഒരുക്കും. പറമ്പുകളിലെ അടിക്കാടുകൾ നീക്കം ചെയ്യണമെന്നും നിർദ്ദേശിച്ചു. നാല് ദിവസത്തെ യജ്ഞത്തിനു ശേഷം 30 ന് വീണ്ടും യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും.
ഇന്നലെ ചേർന്ന യോഗത്തിൽ ജന പ്രതിനിധികളായ മൊയ്തി കോടേരി, പി.സി. സുരാജൻ, ജോസ് ചെറുവള്ളിൽ, ബിന്ദു ബാലകൃഷ്ണൻ, കെ.കെ. ഗിരീഷ്, സുജാത മനക്കൽ, ജിൻസി മനോജ്, വി.കെ. വത്സ, ബാബു പള്ളിക്കുടം, സ്വാതി മിഥുൻ കൃഷി ഓഫീസർ രശ്മനായർ, ഹെൽത്ത് ഇൻസ്പെക്ടർ സീനാ ഭായ്, പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം സയന്റിസ്റ്റ് കെ.കെ.ഐശ്വര്യ, കർഷകരായ ബേബി കാപ്പുകാട്ടിൽ, പ്രകാശ് മുള്ളൻകുഴി, ബോബി ഓസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. യോഗാനന്തരം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒച്ച് ബാധിത പ്രദേശത്ത് സന്ദർശനം നടത്തി.
Tags : Local News Nattuvishesham Kozhikode