അഖില്‍ ജോയൻ
വെള്ളരിക്കുണ്ട് (കാസർഗോഡ്): യുക്രെയ്നില്‍ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മര്‍ച്ചന്റ് നേവി ജീവനക്കാരന് അഖില്‍ ജോയന്റെ (26) ഭൗതികശരീരം 24നു വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കും. യുക്രെയ്നില്‍ നിന്നു മോള്‍ഡോവയിലെ ചിസിനാവിലേക്ക് റോഡ് മാര്‍ഗവും തുടര്‍ന്ന് ചിസിനാവില്‍ നിന്ന് ഇസ്താംബുള്‍ വഴി ബംഗളൂരുവിലേക്ക് വിമാനമാര്‍ഗവും തുര്‍ക്കി എയര്‍ലൈന്‍സ് എത്തിക്കും. 23നു ബംഗളൂരുവിലെത്തുന്ന ഭൗതികദേഹം 24ന് ആംബുലന്‍സിലാണ് വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കുക. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കീവിലെ ഇന്ത്യന്‍ എംബസിയില്‍നിന്നും നോര്‍ക്കയില്‍നിന്നും ജില്ലാ കളക്ടര്‍ക്ക് ലഭിച്ചു. ജൂലൈ 20നാണ് അഖില്‍ കൊല്ലപ്പെട്ട വിവരം അധികൃതര്‍ വീട്ടുകാരെ അറിയിക്കുന്നത്.
മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി കേന്ദ്ര വിദേശകാര്യ മന്ത്രിയെ സന്ദര്‍ശിച്ച് അഭ്യര്‍ഥിച്ചിരുന്നു. യുക്രെയിനിലെ ഇന്ത്യന്‍ എംബസിയുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിയായത്. എംഎല്‍എമാരായ ഗോവിന്ദന് പള്ളിക്കാപ്പിലും സന്ദീപ് വാര്യരും വീട്ടിലെത്തുകയും തുടര്‍ നടപടികള്‍ക്ക് നോര്‍ക്കയോട് അഭ്യര്‍ഥിക്കുകയും ചെയ്തു. മരണവിവരം അറിഞ്ഞയുടന്‍ ജില്ലാകളക്ടര്‍ അര്ജുന് പാണ്ഡ്യന് അഖിലിന്റെ വീട്ടിലെത്തുകയും ജില്ലാ ഭരണ സംവിധാനം തുടര്‍നടപടികളുടെ ഏകോപനം ഉറപ്പു വരുത്തുകയും ചെയ്തു.
Tags : Nattuvishesham Local News Akhil Joy's body Vellore