പ്രതീകാത്മക ചിത്രം
ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്തിലെ 19 വാർഡുകളിലും ജനജീവിതത്തിന് ഭീഷണിയായി മാറിയ തെരുവുനായ ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് മൈമൂനത്ത് ഫഹദ് ജില്ലാ കലക്ടർക്ക് നിവേദനം നൽകി.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നായ്ക്കളുടെ ആക്രമണം പതിവായതോടെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്.പ്രധാന റോഡുകൾ, ഇടവഴികൾ, സ്കൂൾ പരിസരങ്ങൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കൾ കൂട്ടമായി വിഹരിക്കുന്നത് പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വലിയ തടസമാകുകയാണ്. സ്കൂൾ വിദ്യാർഥികളും പ്രായമായവരും ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് ഇതിനകം നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേരിട്ടുള്ള ഇടപെടലിലൂടെ എബിസി പദ്ധതി പഞ്ചായത്തിൽ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.
ജനങ്ങളെ ആക്രമിക്കുന്ന സ്വഭാവമുള്ള നായ്ക്കളെ അടിയന്തരമായി പിടികൂടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും, പേവിഷബാധ പ്രതിരോധ കുത്തിവയ്പ് ഊർജിതമാക്കുകയും വേണം. കൂടാതെ, ഇത്തരം അക്രമകാരികളായ നായ്ക്കളെ കൊല്ലുന്നതിന് നിലവിലെ നിയമപ്രകാരം പഞ്ചായത്തിന് അനുമതിയുണ്ടോയെന്ന് വ്യക്തമാക്കണമെന്നും, അനുമതിയുണ്ടെങ്കിൽ ഇക്കാര്യത്തിൽ പഞ്ചായത്തിന് സ്വീകരിക്കാൻ കഴിയുന്ന തുടർനടപടികളെക്കുറിച്ച് കൃത്യമായ നിർദേശം നൽകണമെന്നും നിവേദനത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.