കാഞ്ഞിരപ്പള്ളി: കൃത്രിമബുദ്ധിയുടെ അതിവേഗ വളര്‍ച്ചയും വിവിധ മേഖലകളില്‍ അതിന്റെ സ്വാധീനവും ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ കോണ്‍ക്ലേവ് നടക്കും. കോണ്‍ക്ലേവിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവ് വിദ്യാര്‍ഥികളിലേക്കും യുവാക്കളിലേക്കും എത്തിക്കുക എന്നതാണ് കോണ്‍ക്ലേവിന്റെ പ്രധാന ലക്ഷ്യം.
സിഎസ്, യുഎസ്ടി, മേക്കര്‍ വില്ലേജ്, ഐസിഫോസ്, ജിത്രി ക്ലൗഡ് ഇന്നൊവേഷന്‍സ് തുടങ്ങിയ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളുടെയും വ്യവസായ മേഖലയിലെ വിദഗ്ധരുടെയും നേതൃത്വത്തില്‍ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, സാങ്കേതിക വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നവര്‍ക്ക് എഐ, മെഷീന് ലേണിംഗ്, പുതിയ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, വ്യവസായരംഗത്തെ എഐയുടെ പ്രായോഗിക ഉപയോഗങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ നേരിട്ട് പഠിക്കാനും പ്രായോഗിക പരിചയം നേടാനുമുള്ള അവസരം ലഭിക്കും.
വിദ്യാര്‍ഥികളുടെ സാങ്കേതിക കഴിവുകളും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ചു മണിക്കൂര്‍ നീളുന്ന എഐ ഹാക്കത്തോണ്‍ കോണ്‍ക്ലേവിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. ഒരു ലക്ഷം രൂപയുടെ സമ്മാനത്തുകയുള്ള ഹാക്കത്തോണ്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് എഐ അധിഷ്ഠിത പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും സ്വന്തം ആശയങ്ങളെ പ്രായോഗിക പദ്ധതികളാക്കി മാറ്റുന്നതിനും ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. ഓരോ ടീമും കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മൂന്ന് മേഖലകളില്‍ ഏതെങ്കിലും ഒരു മേഖല തെരഞ്ഞെടുക്കണം. പദ്ധതികള്‍ സോഫ്റ്റ്വേര്‍, ഹാര്ഡ്വേര്, നോണ്‍-ടെക്നിക്കല്‍ എന്നീ ട്രാക്കുകളില്‍ അവതരിപ്പിക്കാം. പ്രാഥമിക ആശയ തെരഞ്ഞെടുപ്പോ ഷോര്ട്ട്ലിസ്റ്റിംഗോ ഉണ്ടായിരിക്കില്ല. വിദ്യാര്‍ഥികള്‍ക്ക് പരിപാടിക്ക് മുമ്പ് വീട്ടില്‍വച്ച് പദ്ധതികള്‍ തയാറാക്കി വരികയോ, അല്ലെങ്കില്‍ അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെഷനില്‍ വേദിയില്‍ തന്നെ പദ്ധതി വികസിപ്പിക്കുകയോ ചെയ്യാം.
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മികച്ച എഐ അധിഷ്ഠിത പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രത്യേക പുരസ്കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച നവീകരണങ്ങള്‍ക്കും വിദ്യാര്‍ഥി പദ്ധതികള്‍ക്കും സ്കൂള്‍, കോളജ് വിഭാഗങ്ങളിലെ മികച്ച പ്രകടനങ്ങള്‍ക്കും സമ്മാനങ്ങളും മെമന്റോകളും നല്‍കും. എഐയുടെ വളര്‍ച്ച തൊഴില്‍രംഗത്തും വിദ്യാഭ്യാസ മേഖലയിലും വ്യവസായ മേഖലയിലും സൃഷ്ടിക്കുന്ന മാറ്റങ്ങളും അതിനനുസരിച്ച് യുവതലമുറ കൈവരിക്കേണ്ട പുതിയ കഴിവുകളും ചര്‍ച്ചകളില്‍ വിഷയമാകും. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധരുമായി സംവദിക്കാനും പുതിയ സാങ്കേതികവിദ്യകള്‍ നേരിട്ട് പരിചയപ്പെടാനും വര്‍ക്ക്ഷോപ്പുകളില്‍ പങ്കെടുക്കാനും ഹാക്കത്തോണിലൂടെ സ്വന്തം ആശയങ്ങള്‍ അവതരിപ്പിക്കാനും എഐ കോണ്‍ക്ലേവില്‍ അവസരുമുണ്ട്. കേരള വിഷന്‍, കാരിത്താസ് ആശുപത്രി എന്നിവരുടെ സഹകരണത്തോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
വിവിധ കോളജ്-സ്കൂളുകളില്‍നിന്നായി രണ്ടായിരത്തഞ്ഞൂറോളം ആളുകളാകും പങ്കെടുക്കുക. ഡീന്‍ റിസര്‍ച്ച് സോണി സി. ജോസഫ്, എച്ച്ഒഡിസിഎ ടി.കെ. ബിജി, കോ-ഓര്‍ഡിനേറ്റര്‍മാരായ മിഥുന് പി. മാത്യു, ബിനുമോന് ജോസഫ്, സ്റ്റുഡന്റ്സ് കോ-ഓര്‍ഡിനേറ്റര്‍മാരായ ബാസ്റ്റിന് ജോര്‍ജ്, ശ്രേയ എബി, ആല്ബിന് ജോജോ തുടങ്ങിയവര്‍ കേണ്ക്ലേവിനു നേതൃത്വം നല്‍കും.
സാങ്കേതികവിദ്യ ആത്യന്തികമായി മനുഷ്യനന്മയ്ക്കായി ഉപയോഗിക്കുമെന്നാണ് അമൽജ്യോതിയുടെ ഉറച്ച വിശ്വാസം. അതുകൊണ്ടുതന്നെ ഈ കോൺക്ലേവ് എഐക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നത് മനസിലാക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. എഐ എന്താണ് ചെയ്യേണ്ടത്, അത് എത്രത്തോളം ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണം, സമൂഹത്തിന്റെ പൊതുനന്മയ്ക്കായി അതിന്റെ സാധ്യതകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ഗൗരവമായ ചിന്തയ്ക്കും ഈ വേദി അവസരമൊരുക്കുന്നു.
ഡോ. ലില്ലിക്കുട്ടി ജേക്കബ്
(പ്രിൻസിപ്പൽ, അമൽജ്യോതി കോളജ്)
വിദഗ്ധ ചർച്ചകൾ, പ്രായോഗിക ശില്പശാലകൾ, ഹാക്കത്തോണുകൾ എന്നിവയിലൂടെ കൃത്രിമബുദ്ധിയുടെ സാധ്യതകളും പ്രായോഗിക പ്രയോജനങ്ങളും സമൂഹത്തിന് പരിചയപ്പെടുത്തുന്ന സമഗ്ര വേദിയാണ് എഐ കോൺക്ലേവ്.
മിഥുൻ പി. മാത്യു (അസി. പ്രഫസർ,
എഐ കോൺക്ലേവ് കോ-ഓർഡിനേറ്റർ)
വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നീ മേഖലകളിലെ കൃത്രിമബുദ്ധിയുടെ സാധ്യതകളെ വിദഗ്ധ ചർച്ചകൾ, ശില്പശാലകൾ, ഹാക്കത്തോണുകൾ എന്നിവയിലൂടെ വിദ്യാർഥികൾക്കും പൊതുസമഹത്തിനും പരിചയപ്പെടുത്തുന്ന സമഗ്ര വേദിയാണ് എഐ കോൺക്ലേവ്.
ബിനുമോൻ ജോസഫ് (അസി. പ്രഫസർ,
എഐ കോൺക്ലേവ് കോ-ഓർഡിനേറ്റർ)
Tags : NattuVishesham DistrictNews