ഇന്നലെ പുലർച്ചെ കൊല്ലങ്കോട് പുത്തൻപാടത്ത് കാട്ടാന നശിപ്പിച്ച നരേന്ദ്രന്റെ നെൽപ്പാടം.
കൊല്ലങ്കോട്: സീതാർകുണ്ട് അടിവാരത്തു ആനയിറങ്ങി നടീൽപാടങ്ങൾ നശിപ്പിച്ചു. പുത്തൻപാടം നരേന്ദ്രന്റെ ഒരേക്കർ പാടത്താണ് ആനയിറങ്ങിയത്. ഇന്നലെ പുലർച്ചെയാണു സംഭവം.
ഞാറ് വളർന്നുതുടങ്ങിയ സമയത്താണ് വന്യമൃഗശല്യം ആരംഭിച്ചിരിക്കുന്നത്. ഇന്നലെ വനംവകുപ്പ് ജീവനക്കാർ സംഭവസ്ഥലത്തെത്തി നീരിക്ഷണം നടത്തി. അർധരാത്രിക്കുശേഷം കാടിറങ്ങുന്ന ആനകൾ നേരംപുലരുന്നതോടെ കാടുകയറുകയാണ് പതിവ്.
നെല്ല്, പച്ചക്കറികൃഷി വളർന്നുതുടങ്ങുന്പേഴേക്കും കാട്ടാനകളെത്തി വിളകൾ നശിപ്പിക്കുന്നതു കാലങ്ങളായി തുടർന്നുവരുന്നതിൽ കർഷകർ ആശങ്കയിലാണ്. ആറുമാസംമുൻപ് മുതലമട, കൊല്ലങ്കോട് ഭാഗത്ത് വനമേഖലകളിൽ സ്ഥാപിച്ച സൗരോജ തൂക്കുവേലി ഫലപ്രദമാകുന്നില്ലെന്ന ആക്ഷേപം ഇതോടെ ശക്തമായിട്ടുണ്ട്. ആനയിറങ്ങിയെന്ന വിവരം ലഭിച്ചാലുടൻ വനംഉദ്യോഗസ്ഥർ എത്താറുണ്ടെങ്കിലും കാട്ടാനകൾ വീണ്ടുമെത്തുന്നതിനു തടയാൻ ഫലപ്രദ നടപടയില്ലാത്തതും കർഷകർക്കു വിനയായിട്ടുണ്ട്.
Tags : Nattuvishesham District News