ഹരിപ്പാട്: കുമാരപുരത്ത് തെരുവുനായ്ക്കളുടെ വിളയാട്ടം തുടരുന്നു. കഴിഞ്ഞദിവസം അഞ്ചുവയസുകാരനെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച അതേ നായ തന്നെ ഇന്നലെ രാവിലെ അയൽവാസിയായ ഭിന്നശേഷിക്കാരനെയും കടിച്ചു പരിക്കേൽപ്പിച്ചു. താമല്ലാക്കൽ ചാപ്രായിൽ ഗോപാലകൃഷ്ണനാ(55)ണ് നായയുടെ ആക്രമണത്തിന് ഇരയായത്.
ഇന്നലെ രാവിലെ 6.30ന് വീടിനു പുറത്തിറങ്ങിയപ്പോഴായിരുന്നു ഗോപാലകൃഷ്ണനു നേരേ ആക്രമണമുണ്ടായത്. കൈക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണം നടത്തിയ തെരുവുനായയെ പിന്നീട് പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തി.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് താമല്ലാക്കൽ പുത്തൻ പറമ്പിൽ അഖിൽ വിശ്വത്തിന്റെയും ദിവ്യയുടെയും മകനായ അദ്വികിനെ(5) വീട്ടുമുറ്റത്ത് സൈക്കിൾ ചവിട്ടുന്നതിനിടയിൽ നായ കടിച്ചത്. മുഖത്തും തലയിലും ആഴത്തിൽ മുറിവേറ്റ അദ്വിക് ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ ആക്രമണം നടന്ന് മണിക്കൂറുകൾ പിന്നിടും മുൻപാണ് അയൽവാസിയായ ഭിന്നശേഷിക്കാരനു കടിയേറ്റത്.
നായയുടെ ജഡം പോസ്റ്റുമോർട്ടം നടപടികൾക്കായി തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലബോറട്ടറിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിശോധനാഫലം വന്നതിനു ശേഷമേ പേവിഷബാധയുണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.
Tags :