വ്യാജമദ്യ നിയന്ത്രണ ജനകീയ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പ്രസംഗിക്കുന്നു.
പത്തനംതിട്ട: വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി. സ്കൂൾ, കോളജ് പരിസരങ്ങളിലെ ലഹരിമാഫിയയുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കളക്ട്രറേറ്റില്‍ നടന്ന വ്യാജമദ്യ നിയന്ത്രണ ജില്ലാതല ജനകീയ സമിതി യോഗത്തില്‍ പ്രസിഡന്റ് നിര്‍ദേശിച്ചു.
എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ നടപടി യോഗത്തില്‍ വിശദീകരിച്ചു. സ്കൂള്‍ പ്രവര്‍ത്തന സമയങ്ങളിലും വൈകിട്ട് അടയ്ക്കുമ്പോഴും യൂണിഫോമിലും മഫ്തിയിലും എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയും പട്രോളിംഗുമുണ്ട്. വ്യാജവാറ്റ് നടക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ വനം വകുപ്പുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുന്നു. റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡുകളില്‍ കര്‍ശന നിരീക്ഷണമുണ്ട്.
ജില്ലയിലെ ഹയര്‍സെക്കന്‍ഡറി, ഹൈസ്കൂളുകളില്‍ ലഹരിവിരുദ്ധ ക്ലബുകള്‍ രൂപികരിച്ചു. കോളജുകളില്‍ നേര്‍കൂട്ടം കമ്മിറ്റികളും ഹോസ്റ്റലുകളില്‍ ശ്രദ്ധ കമ്മിറ്റികളും സജീവമായി പ്രവര്‍ത്തിക്കുന്നു. ഓരോ താലൂക്കുകളിലും ജനജാഗ്രത വോളണ്ടിയര്‍ ടീം രൂപീകരിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഓപ്പറേഷന് തണ്ടര്‍ എന്ന പേരില്‍ ലഹരിവസ്തുക്കളുടെ വിപണനം തടയുന്നതിന് എന്‍ഫോഴ്സമെന്റ് പ്രവര്‍ത്തനം ശക്തമാക്കി.
ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യ നിര്‍മാണം, അനധികൃത മദ്യ വില്‍പ്പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ അമര്‍ച്ച ചെയ്യുന്നതിന് ഓഗസ്റ്റ് 31 വരെ എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നു. രണ്ട് ഓഫീസുകള്‍ കേന്ദ്രമാക്കി രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകള്‍ പ്രത്യേകമായി രൂപീകരിച്ചു.
അബ്കാരി, എന്‍ഡിപിഎസ് കുറ്റക്യത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും അനധികൃത കടത്ത് സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് ജില്ലാതല, താലൂക്ക്തല കണ്ട്രോള് റൂമുകളില്‍ ഫോണ്‍ മുഖേന അറിയിക്കാം. ജില്ല കണ്ട്രോള് റൂം -0468 2222873, ടോള്‍ ഫ്രീ നമ്പർ- 1055, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, പത്തനംതിട്ട- 0468 2222502, 9400069466. എഡിഎം ആര്. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി. എൽ. ഷിബു, അസിസറ്റന്റ് എക്സൈസ് കമ്മീഷണര്‍മാരായ എസ്. അനില്‍കുമാർ, എസ്. സനില്‍, ജനകീയ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.