അമ്പലപ്പുഴ: പുന്നപ്ര കാര്‍മല്‍ പോളിടെക്നിക് കോളജിന് തെക്ക് വശത്തെ ഇടുങ്ങിയ റോഡ് സാമൂഹ്യവിരുദ്ധര്‍ താവളമാക്കുന്നു. പകല്‍സമയങ്ങളില്‍ പോലും മയക്കുമരുന്ന് കച്ചവടമടക്കം ഇവിടെ പതിവാണ്. ദേശിയപാതയില്നിന്നും തലേക്കെട്ട്- സിഎസ്ഐ ചര്‍ച്ച് റോഡിലേക്ക് എത്തുന്ന ഇടുങ്ങിയ പാതയിലെ മതിലില്‍ വള്ളിപ്പടര്‍പ്പുകള്‍ പിടിച്ച് കിടക്കുന്നതിന്റെ മറവിലാണ് മയക്കുമരുന്നുകള്‍ കൈമാറ്റം നടത്തുന്നത്.
പുറത്തുനിന്നെത്തുന്നവരാണ് കച്ചവടത്തിനു പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോളിടെക്നിക് കൂടാതെ എൻജിനിയറിംഗ് കോളജ്, സെന്റ് ഗ്രിഗോറിയോസ് കോളജ്, അറവുകാട് ഐടിഐ, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍ ഈ വഴിയാണ് ആശ്രയിക്കുന്നത്. കൂടാതെ പോളിടെക്നികിനു പിന്നിലുള്ളവര്‍ക്ക് ദേശീയപാതയിലെത്താനുള്ള എളുപ്പമാര്‍ഗം കൂടിയായതിനാല്‍ നിരവധിപേരാണ് ഈ വഴിയിൽ യാത്രചെയ്യുന്നത്.
എന്നാല്‍, സാമൂഹ്യവിരുദ്ധരും മയക്കുമരുന്ന് കച്ചവടക്കാരും താവളമാക്കിയതോടെ ഇതുവഴിയുള്ള പകല്‍ സഞ്ചാരം പോലും നാട്ടുകാര്‍ ഒഴിവാക്കിയിരിക്കുകയാണ്. ചെറിയ വാഹനങ്ങള്‍ക്കു മാത്രം കടന്നുപോകാവുന്ന തരത്തിലുള്ള വീതികുറഞ്ഞ വഴി ആയതിനാല്‍ പോലീസും ഇതുവഴി കടക്കാറില്ല. റോഡില്‍ രണ്ടറ്റങ്ങളിലും കാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇതിനായി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Tags :