മാങ്കാംകുഴി: ഒരു നൂറ്റാണ്ടിലേറെക്കാലം മാങ്കാംകുഴി ജംഗ്ഷന്റെ അടയാളമായി തണൽ വിരിച്ചുനിന്ന ആൽമരം ചരിത്രമായി മാറുന്നു. കഴിഞ്ഞദിവസം ശക്തമായ കാറ്റിലും മഴയിലും ആൽമരത്തിന്റെ വലിയ ശിഖരം റോഡിലേക്ക് ഒടിഞ്ഞുവീണിരുന്നു. വാഹനങ്ങൾ കടന്നുവരാതിരുന്നതിനാൽ തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.
ഒടിഞ്ഞുവീണ ശിഖരങ്ങൾ അഗ്നിരക്ഷാ സേനയെത്തി മുറിച്ചുമാറ്റുകയായിരുന്നു. കാലപ്പഴക്കം ചെന്ന ആൽമരം ഏത് സമയവും കടപുഴകി വീഴുന്ന അവസ്ഥയിലായിരുന്നു. അതിനാൽ അപകടം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീല രവീന്ദ്രൻ ഉണ്ണിത്താൻ ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയെ ബന്ധപ്പെടുകയും മരത്തിന്റെ ശിഖരങ്ങൾ പൂർണമായി മുറിച്ചുമാറ്റാൻ അഥോറിറ്റി നിർദേശം നൽകുകയുമായിരുന്നു.
ഇതേത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീല രവീന്ദ്രൻ ഉണ്ണിത്താൻ പഞ്ചായത്തംഗങ്ങളായ എസ്. അഷ്റഫ്, ശശികുമാർ എന്നിവരുടെ നേതൃത്വത്തിൽ ആൽമരത്തിന്റെ ശിഖരങ്ങൾ പൂർണമായി മുറിച്ചുമാറ്റി. കൊല്ലം-തേനി ദേശീയപാതയും, പന്തളം- മാവേലിക്കര റോഡും സംഗമിക്കുന്ന പ്രധാന ജംഗ്ഷനായ മാങ്കാംകുഴി ജംഗ്ഷന്റെ മധ്യത്തിലായിരുന്നു കൂറ്റൻ ആൽമരം അപകടഭീഷണി ഉയർത്തിനിന്നിരുന്നത്. കൊല്ലം-തേനി ദേശീയപാത നാലുവരിപ്പാതയായി വികസിക്കുമ്പോൾ ആൽമരം പൂർണമായി മുറിച്ചുമാറ്റി ജംഗ്ഷൻ നവീകരണം നടപ്പിലാക്കാനാണ് പദ്ധതി.
Tags : nattu vishesham banyan tree Mankamkuzhi Junction