പി.ടി. തോമസ് എഡ്യൂക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി രമേശ് ചെന്നിത്തല വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ
കൊച്ചി: കഠിനാധ്വാനവും അര്‍പ്പണബോധവും അച്ചടക്കവും ഉണ്ടെങ്കില്‍ ഏതു വലിയ ലക്ഷ്യവും നേടിയെടുക്കാന്‍ കഴിയുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. തൃക്കാക്കരയില്‍ സംഘടിപ്പിച്ച പി.ടി. തോമസ് എഡ്യൂക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസാധ്യമായി ഒന്നുമില്ലെന്ന ചിന്തയോടെ വേണം വിദ്യാര്‍ഥികള്‍ മുന്നോട്ടുപോകാന്‍. പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്താനും ലോകത്തിന് സംഭാവനകള്‍ നല്‍കാനും വിദ്യാര്‍ഥികള്‍ക്ക് സാധിക്കണം. പ്രതിസന്ധികളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റുമ്പോഴാണ് വ്യക്തിത്വം രൂപപ്പെടുന്നത്. പരീക്ഷാപ്പേടിയെ ധൈര്യപൂര്‍വം നേരിടണം. തോല്‍വികളില്‍ തളരാതെ ജീവിതത്തില്‍ നന്മയുടെ പാത തെരഞ്ഞെടുത്ത് മുന്നേറണമെന്നും മന്ത്രി പറഞ്ഞു.
നാടിനും സമൂഹത്തിനും വേണ്ടി നിലപാടുകളില്‍ ഉറച്ചുനിന്ന സത്യസന്ധതയുടെയും ധീരതയുടെയും പ്രതീകമായിരുന്നു പി.ടി. തോമസെന്ന് ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് മന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉമ തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. നടന് ആസിഫ് അലി മുഖ്യാതിഥിയായി. മേയര്‍ വി.കെ. മിനിമോള്‍, തൃക്കാക്കര നഗരസഭാ ചെയര്മാന് റാഷിദ് ഉള്ളമ്പിള്ളി, എറണാകുളം റൂറല്‍ എസ്പി അശ്വതി ജിജി തുടങ്ങിയവരും പങ്കെടുത്തു.
പ്ലസ്ടു, പത്താംക്ലാസ് പരീക്ഷയിലും മറ്റ് ഉന്നത വിദ്യാഭ്യാസ രംഗത്തും കഴിവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കും വ്യത്യസ്ത മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്കും നൂറു ശതമാനം വിജയം കൈവരിച്ച സ്കൂളുകള്‍, മികച്ച അധ്യാപകര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കുമാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
Tags : Nattuvishesham DistrictNews DeepikaNews Chennithala