മേപ്പാടി: ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് നടത്തിയ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ സ്പീച്ച്-ലാംഗ്വേജ് പത്തോളജി എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി മാന്‍കുന്ന് സ്വദേശിനി അപര്‍ണ നാടിന് അഭിമാനമായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രവേശന പരീക്ഷയിലാണ് അപര്‍ണയുടെ നേട്ടം. ശ്രവണ,സംസാര വൈകല്യം, ജന്മനായുള്ള മറ്റ് വൈകല്യങ്ങള്‍ എന്നിവയുള്ളവരെ പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ സഹായകമാകുന്ന പഠനം അപര്‍ണ തെരഞ്ഞെടുത്തതാണ്. രാജ്യത്ത് ഈ മേഖലയില്‍ നിരവധി അവസരങ്ങള്‍ താത്പര്യമുള്ളവരെ കാത്തിരിക്കുന്നതായി റാങ്ക് ജേത്രി പറയുന്നു.
മാന്‍കുന്നിലെ അനീഷ് കുമാര്‍-ബബിത ദമ്പതികളുടെ മകളാണ് അപര്‍ണ. സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് പത്തോളജി മേഖലയില്‍ പഠനവും ഗവേഷണവും നടത്താനും അത് സമൂഹനന്മയ്ക്ക് വിനിയോഗിക്കാനും ആഗ്രഹിക്കുന്നതായി അപര്‍ണ പറഞ്ഞു. ബത്തേരി തണലില്‍ സ്പീച്ച് തെറാപ്പിസ്റ്റായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍ ഇവര്‍.
Tags : nattu vishesham Aparna's