മാനന്തവാടി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ വിജയന് എംഎല്‍എ പരിശോധന നടത്തി.
സ്ഥാപനത്തില്‍ വിലപ്പിടിപ്പുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിച്ചുവെന്ന് ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന.
മുറികളില്‍ പുട്ടിവച്ച നിലയിലും ഉപേക്ഷിച്ച നിലയിലുമായിരുന്നു ഉപകരണങ്ങളില്‍ പലതുമെന്ന് പരിശോധനയ്ക്കുശേഷം എംഎല്‍എ പറഞ്ഞു. എയര്‍ കണ്ടീഷണറുകള്‍, ലോണ്ട്രി മെഷീനുകള്‍, മരുന്നുകള്‍, മൊബൈല്‍ ഫ്രീസര്‍ യൂണിറ്റുകള്‍, വീല്‍ ചെയറുകള്‍, സ്ട്രെച്ചറുകള്‍ എന്നിവ നശിച്ചതില്‍ ഉള്‍പ്പെടും. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പൊതുമുതല്‍ നശിക്കുന്നതിന് ഇടയാക്കിയവര്ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു.
മെഡിക്കല്‍ ഉപകരണങ്ങള്‍ നശിച്ചത്വിവാദത്തില്
മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഉപകരണങ്ങള്‍ നശിച്ചത് വിവാദത്തില്‍.
മെഡിക്കല്‍ ഉപകരണങ്ങള്‍ നശിക്കാന്‍ ഇടയാക്കിയത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും രാഷ്ട്രീയക്കാരുടെ പിടിവാശിയുമാണെന്ന് ആരോപണം ഉയര്‍ന്നതോടെയാണിത്. ഏഴുവര്‍ഷം മുമ്പ് ലഭിച്ച ലോണ്ട്രി മെഷീന് ഉള്‍പ്പെടെ വിലപ്പിടിപ്പുള്ള ഉപകരണങ്ങളാണ് പെട്ടിയില്‍നിന്നു പുറത്തുപോലും ഇറക്കാതെ നശിച്ചത്. വേറേയും ഉപകരണങ്ങള്‍ ആശുപത്രിയില്‍ ഉപയോഗിക്കാതെ നശിച്ചു.ഉപകരണങ്ങള്‍ മാനന്തവാടിയില്‍ എത്തിക്കാന്‍ മുന്‍കൈയെടുത്തത് അന്നത്തെ ആശുപത്രി സൂപ്രണ്ടാണ്.
അദ്ദേഹത്തോട് ചിലര്‍ക്കുണ്ടായ താത്പര്യക്കുറവാണ് ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് വിഘാതമായതെന്ന് ആരോപണമുണ്ട്. വിഷയത്തില്‍ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും പൊതുമുതല്‍ നശിക്കാനിടയായത് അന്വേഷണ വിധേയമാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Tags :