കല്‍പ്പറ്റ: എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്ന് ഏറ്റെടുത്ത ഭൂമിയില്‍ പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതര്‍ക്ക് സജ്ജമാക്കുന്ന ടൗണ്‍ഷിപ്പില്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയതില്‍ 157 വീടുകളുടെ നിര്‍മാണം സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 62 വീടുകളുടെ പ്രവൃത്തി ഡിസംബറോടെ പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പില്‍ 178 വീടുകളാണ് ആദ്യഘട്ടത്തില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്.
ടൗണ്‍ഷിപ്പില്‍ ആരോഗ്യകേന്ദ്രം, പൊതുമാര്‍ക്കറ്റ്, ശുചിമുറികള്‍ എന്നിവയുടെ നിര്‍മാണം ആരംഭിച്ചു. കളിസ്ഥലം, അങ്കണവാടി, മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ എന്നിവയുടെ പ്രവൃത്തി ഉടന്‍ തുടങ്ങും. ഒക്ടോബറോടെ പൂര്‍ത്തിയാക്കും.
പൊതു സൗകര്യങ്ങളുടെ നിര്‍മാണം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുനരധിവാസ പദ്ധതി ഗുണഭോക്തക്കളില്‍ ഫേസ് 1, ഫേസ് 2എ, ഫേസ് 2ബി പട്ടികകളില്‍ ഉള്‍പ്പെട്ടരുടെ 5.58 കോടി രൂപയുടെ വായ്പ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നടത്തിയ അദാലത്തിലൂടെയാണ് വായ്പാവിവരം ശേഖരിച്ചത്. വാണിജ്യ വായ്പകള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനത്തിന് അനുസൃതമായി തുടര്‍നടപടി സ്വീകരിക്കും. ദുരിതബാധിതര്‍ക്ക് ദിനബത്ത, വീട്ടുവാടക മൂന്ന് മാസത്തേക്ക് കൂടി തുടരും.
ടൗണ്‍ഷിപ് നിര്‍മാണത്തെത്തുടര്‍ന്ന് നഗരത്തില്‍ രൂപപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ശാസ്ത്രീയ പഠനം നടത്തി പദ്ധതി തയാറാക്കും. ദുരന്ത നിവാരണ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് എല്ലാ മാസവും ആദ്യ തിങ്കളാഴ്ച കളക്ടറേറ്റില്‍ പ്രത്യേക യോഗം ചേരും.
ഉരുള്‍ ദുരന്തബാധിത പ്രദേശത്തെ കാര്‍ഷികഭൂമി പുനഃക്രമീകരിച്ച് നല്‍കുക സര്‍ക്കാര്‍ ലക്ഷ്യമാണ്. പ്രദേശത്തെ മണ്ണ് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പുനരധിവാസ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്ത പടവെട്ടിക്കുന്ന്, അട്ടമല പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും. പുത്തുമല ദുരന്ത ബാധിതതര്‍ക്ക് ഒരുക്കിയ ഹര്‍ഷം പദ്ധതി ആവശ്യമെങ്കില്‍ മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും.
ടൗണ്‍ഷിപ് റോഡില്‍ അടിഞ്ഞുകൂടിയ ചളി നീക്കം ചെയ്തിട്ടുണ്ട്. മഴ ശക്തിപ്രാപിക്കുമ്പോള്‍ ആവശ്യമെങ്കില്‍ മറ്റ് നടപടികള്‍ സ്വീകരിക്കും. ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ രൂപരേഖ തയാറാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിക്കും. ചൂരല്‍മലയില്‍ പാലം നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കാന്‍ തീരുമാനമായി. പുഞ്ചിരിമട്ടം പാലം നിര്‍മാണത്തിനു നടപടികള്‍ പുരോഗമിക്കുകയാണ്.
സാസ്കി പദ്ധതിക്ക് കീഴില്‍ നിര്‍മാണം നടക്കുന്ന റോഡ്, പാലം, സ്കൂള്‍, ഫയര്‍ സ്റ്റേഷനുകള്‍, സ്കില്‍ പാര്‍ക്ക്, ഷെല്‍ട്ടര്‍ ഹോം, മറ്റ് കെട്ടിടങ്ങള്‍, ജലവിഭവ-ജലസേചന വകുപ്പുകള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ എന്നിവയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ട്.പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് അതത് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
Tags : nattu vishesham Construction 157 houses township