കാസർഗോഡ്: ജില്ലയിൽ ഗ്രാമീണ മേഖലയിൽ പുതിയ ബസ് റൂട്ടുകൾ അനുവദിക്കുന്നതിനായി ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ നിയോജകമണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ജനകീയ സദസുകളിൽ നിർദേശിക്കപ്പെട്ട 24 ബസ് റൂട്ടുകൾക്ക് സർക്കാരിന്റെ അംഗീകാരം. ജനകീയ സദസുകൾ നടത്തി 14 മാസം കഴിഞ്ഞതിനു ശേഷമാണ് റൂട്ടുകൾ അംഗീകരിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറങ്ങിയത്.
ജില്ലയിൽ നടത്തിയ അഞ്ച് ജനകീയ സദസുകളിൽ നിന്ന് ആകെ 170 റൂട്ടുകളാണ് നിർദേശിക്കപ്പെട്ടിരുന്നത്. ഇവയിൽ നിന്ന് പ്രായോഗിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാതലത്തിൽ നൂറെണ്ണം തെരഞ്ഞെടുത്താണ് സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നത്. പക്ഷേ അംഗീകാരം ലഭിച്ചിരിക്കുന്നത് അതിൽ നാലിലൊന്നിനു മാത്രമാണ്.
നിലവിൽ ബസ് റൂട്ടുകൾ ഇല്ലാത്ത ഗ്രാമീണമേഖലകളെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന വിധത്തിലോ വിവിധ പ്രദേശങ്ങൾ തമ്മിൽ ചുരുങ്ങിയ ദൂരത്തിൽ ബന്ധപ്പെടാൻ കഴിയുന്ന വിധത്തിലോ ഉള്ള പുതിയ റൂട്ടുകൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. സംസ്ഥാനതലത്തിൽ ഇത്തരത്തിൽ 403 റൂട്ടുകളാണ് അംഗീകരിച്ച് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
പുതിയ ബോഡികോഡ് പ്രകാരം പുറത്തിറങ്ങിയ ബസുകൾ കാണിച്ച് മാത്രമേ പുതിയ റൂട്ടുകളിൽ സർവീസിന് അപേക്ഷിക്കാനാവൂ. ഇത്തരത്തിൽ വിവിധ നടപടിക്രമങ്ങളും നിബന്ധനകളും പാലിച്ചുകൊണ്ട് ഈ റൂട്ടുകളിൽ പുതിയ പെർമിറ്റുകൾ അനുവദിച്ച് ബസുകൾ ഓടിത്തുടങ്ങാൻ ഇനിയും മാസങ്ങളെടുക്കുമെന്നാണ് സൂചന. ഇതിൽ ലാഭകരമായി നടത്താൻ കഴിയുമെന്ന് കരുതാവുന്ന ഏതാനും റൂട്ടുകളെങ്കിലും കെഎസ്ആർടിസി ഏറ്റെടുക്കാനും ഇടയുണ്ട്.
ജില്ലയിൽ അംഗീകാരം ലഭിച്ച പ്രധാന റൂട്ടുകൾ ഇവയാണ്: 1. കാഞ്ഞങ്ങാട്-പാണത്തൂർ (അരയി, ചായ്യോത്ത്, കരിന്തളം, ബിരിക്കുളം, പരപ്പ, ബളാൽ, രാജപുരം വഴി), 2. നീലേശ്വരം-കുറ്റിക്കോൽ (നീലേശ്വരം, കാഞ്ഞങ്ങാട്, ഒടയംചാൽ), 3. കൊന്നക്കാട്-കാഞ്ഞങ്ങാട് ((വെള്ളരിക്കുണ്ട്, കാരാട്ട്, ബാനം, കിളിയളം, ചോയ്യംകോട്), 4. മാണിമൂല-ചെറുപുഴ (ബന്തടുക്ക, മാലക്കല്ല്, രാജപുരം, നർക്കിലക്കാട്), 5. മൈക്കയം-നീലേശ്വരം (കൊന്നക്കാട്, മാലോം, എളേരിത്തട്ട്, കാലിച്ചാനടുക്കം), 6. വെള്ളരിക്കുണ്ട്-ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളജ് (ബളാൽ, പൂടംകല്ല്, ചുള്ളിക്കര, കുറ്റിക്കോൽ, ബോവിക്കാനം, ചെർക്കള), 7. ബദിയടുക്ക-എത്തടുക്ക (കിന്നിംഗാർ, വാണിനഗർ, പെർള, കജംപാടി), 8. ഉപ്പള-വാണിനഗർ (വാണിനഗർ, പൈവളിഗെ, ചോവാർ, പെർമുദെ, ബാഡൂർ, പെർള), 9. ചെർക്കള- പൊയിനാച്ചി (ബോവിക്കാനം-എരിഞ്ഞിപ്പുഴ), 10. പാണത്തൂർ-ചെറുപുഴ, 11. തയ്യേനി-കാവുന്തല-ചിറ്റാരിക്കാൽ-നീലേശ്വരം (മാങ്കോട്, വാഴപ്പള്ളി, കുന്നുംകൈ, ചോയ്യംകോട്), 12. മാലോം-കോളിച്ചാൽ-കള്ളാർ (ചുള്ളിത്തട്ട്, പുല്ലൊടി, അടോട്ടുകയ, കപ്പള്ളി), 13. ചെറുപുഴ - കണ്ണാടിത്തോട് (നർക്കിലക്കാട്, ഭീമനടി, വെള്ളരിക്കുണ്ട്, ഒടയംചാൽ, വാവടുക്കം, ബന്തടുക്ക), 14. ചെറുവത്തൂർ-എളേരിത്തട്ട് കോളജ് (കയ്യൂർ, കരിന്തളം കോളജ്, കുന്നുംകൈ, ഭീമനടി, വെള്ളരിക്കുണ്ട്), 15. പാലാവയൽ-പാത്തിക്കര (ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട്, തയ്യേനി, കാവുന്തല, കൊന്നക്കാട്, ചുള്ളി, ആനമഞ്ഞൾ).
Tags : bus routes nattuvisesham local news