രമേഷ് പിഷാരടി എംഎൽഎ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറുമായി ചർച്ച നടത്തുന്നു.
പാലക്കാട്: നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളും വിഷയങ്ങളും അവലോകനം ചെയ്യുന്നതിന് രമേഷ് പിഷാരടി എംഎൽഎ ആവശ്യപ്പെട്ട പ്രകാരം പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ ഓഫിസിൽ യോഗം ചേർന്നു.
വകുപ്പിന് കീഴിലെ പുതിയതും നടന്നുകൊണ്ടിരിക്കുന്നതും പ്രതിസന്ധിയിലായതുമായ വിവിധ പ്രവൃത്തികളെ കുറിച്ച് എംഎൽഎ മന്ത്രി മുന്പാകെ അവതരിപ്പിച്ചു. ഒലവക്കോട് മേഖലയിൽ പതിവായിതീർന്ന ഗതാഗതക്കുരുക്ക് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൽപാത്തിപുഴയിലെ പുതിയപാലത്തിന് സമാന്തരമായി പുതുതായി പാലം നിർമിക്കണമെന്ന ആവശ്യം എംഎൽഎ യോഗത്തിൽ ഉന്നയിച്ചു.
50 വർഷത്തിനടുത്ത് പഴക്കമുള്ള നിലവിലെ പാലത്തിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുന്പോൾ ഗതാഗതം പൂർണമായി നിർത്തിവയ്ക്കേണ്ട സ്ഥിതിയാണുള്ളതെന്ന് എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പാലത്തിലെ ഗതാഗതം തടസപ്പെടുന്പോൾ ബാധിക്കുന്നതെന്നും പാലക്കാട് നഗരത്തെതന്നെ ഇതു കാര്യമായി ബാധിക്കുമെന്നും എംഎൽഎ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് പുതിയ പാലത്തിനുള്ള സാധ്യതാപഠനം നടത്തുന്നതിന് മന്ത്രി പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.
പാലക്കാട് നഗരത്തിലെ മിഷൻ സ്കൂൾ ജംഗ്ഷൻ, ഐഎംഎ ജംഗ്ഷൻ എന്നിവ നവീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടമായി ഐഎംഎ ജംഗ്ഷൻ നവീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. പുതുനഗരം- കിണാശേരി റോഡിന്റെ ശോചനീയാവസ്ഥയും യോഗത്തിൽ പ്രധാന വിഷയമായി എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് റോഡ് നവീകരണത്തിന് ആവശ്യമായ ഫണ്ട് ഉടൻതന്നെ അനുവദിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.
കൊപ്പം- മുക്കായി റോഡിന്റെ നവീകരത്തിനും ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ ജില്ലാ, സംസ്ഥാന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.