അർജന്റീന കളിക്കാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ജീപ്പിന് സമീപം സജിൻ.
പള്ളിക്കത്തോട്: അർജന്റീന ഫുട്ബോൾ ടീമിനോടുള്ള കടുത്ത ആരാധനയിൽ സ്വന്തം ജീപ്പിൽ കളിക്കാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുകയാണ് പള്ളിക്കത്തോട് കദളിമറ്റം ചേരിക്കൽ സജിൻ തോമസ്. സൈനിക സേവനത്തിൽനിന്നു വിരമിച്ച ശേഷം ഇപ്പോൾ പള്ളിക്കത്തോട് ടൗണിൽ പച്ചക്കറി കട നടത്തിവരികയാണ് സജിൻ.
ചെറുപ്പം മുതൽ അർജന്റീന ടീമിന്റെ ആരാധകനാണ് സജിൻ. ടീമിന്റെ നായകൻ ലയണൽ മെസിയുടെ ജന്മദിനായ ജൂൺ 24നാണ് സജിന്റെ ഇളയമകൻ ലിയോൺ ജനിച്ചതെന്ന പ്രത്യേകതയുമുണ്ട്. സജിന്റെ ജീപ്പ് മുഴുവൻ അർജന്റീന ടീമിലെ കളിക്കാരുടെ വർണ ചിത്രങ്ങൾകൊണ്ട് നിറച്ചിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പിൽ അർജന്റീന കപ്പ് നേടിയ ചിത്രങ്ങളും ഇതിലുണ്ട്. സജിൻ പോകുന്ന വഴികളിൽ ഫുട്ബോൾ ആരാധകർ ആവേശത്തേടെയാണ് സമീപിക്കുന്നത്.
മെസിയുടെ അവസാന ലോകകപ്പായതുകൊണ്ടാണ് ജീപ്പിൽ ഈ രീതിയിൽ പരിഷ്കാരങ്ങൾ വരുത്തിയതെന്ന് സജിൻ പറയുന്നു. ഭാര്യ ഷീജയും മകൻ ഷോണും സജിനെപ്പോലെ അർജന്റീന ടീമിന്റെ കട്ട ആരാധകരാണ്.
Tags : Nattuvishesham District news