അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെ ദർശനത്തിരുനാളിൽ പങ്കെടുത്ത മേരി നാമധാരികൾ
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെ ദർശനത്തിരുനാളിനോടനുബന്ധിച്ച് നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. വലിയപള്ളിയിൽ നിന്ന് ആരംഭിച്ച് മൈതാനം ജംഗ്ഷനിലെ കുരിശടി ചുറ്റി വലിയപള്ളിയിൽ തിരികെയെത്തി പ്രദക്ഷിണം സമാപിച്ചു.
വൈകുന്നേരം മേജർ ആർച്ച് ബിഷപ് എമരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അർപ്പിച്ച വിശുദ്ധ കുർബാനയെത്തുടർന്നായിരുന്നു പ്രദക്ഷിണം.തുടർന്ന് മേരിനാമധാരികളുടെ സംഗമം നടന്നു.
ഇന്ന് രാവിലെ 5.15ന് ചെറിയപള്ളിയിൽ വിശുദ്ധ കുർബാന. 5.40ന് വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് വലിയപള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ മോണ്ടളത്തിൽ പ്രതിഷ്ഠിക്കും. ജനുവരിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചല്ലാതെ വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്ന ഏക ദിവസമാണ് ഇന്ന്.
7.45ന് ഫാ. ഡോ. മാണി പുതിയിടം വിശുദ്ധ കുർബാനയർപ്പിച്ച് വചനസന്ദേശം നൽകും. 10ന് റാസ കുർബാന - ഫാ. ജോസഫ് കുറശേരി. വചനസന്ദേശം - ഫാ. ജേക്കബ് വട്ടയ്ക്കാട്ട്. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, വചനസന്ദേശം - ഫാ.ഡോ. ജോസ് കൊച്ചുപറമ്പിൽ.വിശുദ്ധ കുർബാനയെത്തുടർന്ന് തിരുനാൾ പ്രദക്ഷിണം നടക്കും. വലിയപള്ളിയും ചെറിയ പള്ളിയും ചുറ്റി സമാപിക്കുന്ന പ്രദക്ഷിണത്തിനു ശേഷം കൊടിയിറക്കും.
Tags : District News Nattuvishesham Athirampuzha Darshana Thirunal