നെയ്യാറ്റിന്‍കര: വേനല്‍ വല്ലാതെ പിടിമുറുക്കിയിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലെ ജലാശയങ്ങള്‍ സംരക്ഷിക്കാന്‍ യാതൊരു നീക്കവും നടക്കുന്നില്ലെന്ന് ആക്ഷേപം.
പുതിയ സാന്പത്തിക വര്‍ഷത്തിലെ ആദ്യത്തെ മാസം അവസാനിക്കാറായെങ്കിലും ജലാശയ നവീകരണം, സംരക്ഷണം എന്നിവ സംബന്ധിച്ച പദ്ധതികള്‍ പേരിനുപോലും ഒരിടത്തും കാണാനില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു. നെയ്യാറ്റിന്‍കര താലൂക്കിലെ നഗരസഭയിലും ഗ്രാമപഞ്ചായത്തുകളിലുമായി ജലസമൃദ്ധമായ നിരവധി കുളങ്ങളുണ്ട്. ഒരുകാലത്ത് സമീപത്തെ പാടശേഖരങ്ങള്‍ക്കും വീടുകളിലെ കിണറുകള്ക്കുമെല്ലാം അവ ഉചിതമായ ജലസ്രോതസായിരുന്നു.
നനയ്ക്കാനും മറ്റും ഈ ജലാശയങ്ങളെ ആശ്രയിച്ചിരുന്നവരും കുറവല്ല. കാര്‍ഷിക സംസ്കാരത്തിന്റെ തിളക്കമാര്‍ന്ന ഇന്നലെകളിലെ നിറവാര്‍ന്ന കുളങ്ങളില്‍ നല്ലൊരു ശതമാനവും ഇന്ന് ആര്‍ക്കും വേണ്ടാത്തതും ആരും തിരിഞ്ഞുനോക്കാത്തതുമായ മാലിന്യസങ്കേതങ്ങളായി മാറി.
ജലസ്രോതസുകള്‍ ശരിയായവിധം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെയും ആവശ്യം കൂടിയാണെന്നും വര്‍ത്തമാന ജീവിത സാഹചര്യങ്ങള്‍ക്കും വരുംകാല തലമുറകള്‍ക്കും ശുദ്ധജലം പ്രാപ്തമാക്കേണ്ടതിന്റെ ബാധ്യത നിലവിലുള്ള സംവിധാനത്തിന്റെ ഉത്തരവാദിത്വമാണെന്നുമുള്ള യാഥാര്‍ഥ്യം ശരിയായ വിധത്തില്‍ ഉള്‍ക്കൊള്ളാത്ത ഭരണസമിതികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന ഉദാസീന നിലപാടുകള്‍ നാട്ടില്‍ കുടിവെള്ളം കിട്ടാക്കനിയാക്കുകയാണെന്നും ആരോപണമുണ്ട്. ജനകീയ പങ്കാളിത്തത്തോടെ ജലാശയങ്ങള്‍ ശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യുമെന്ന വാഗ്ദാനം കേവലം കടലാസിലൊതുങ്ങുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി.
നഗരസഭ പരിധിയില്‍ ജലജന്യരോഗങ്ങളുടെ സാന്നിധ്യം ആശങ്കയുളവാക്കിയിട്ട് അധിക കാലമായില്ല. അതിയന്നൂര്‍ പഞ്ചായത്തിലെ ഉപയോഗയോഗ്യമായ ഒരു കുളത്തില്‍ മാരക രോഗാണുവുണ്ടെന്ന ആശയക്കുഴപ്പം മറ്റു ചില കുളങ്ങളെയും സംശയദൃഷ്ടിയാല്‍ വീക്ഷിക്കാന്‍ കുറച്ചുകാലമെങ്കിലും ഇടയാക്കി. നെയ്യാറ്റിന്‍കര താലൂക്കില്‍ ഒട്ടുമിക്ക വയലേലകളും ചുരുങ്ങുകയും ചിലത് അപ്രത്യക്ഷമാകുകയും ചെയ്ത സാഹചര്യത്തില്‍ കുളങ്ങള്‍ക്കും പ്രസക്തിയില്ലാതായെന്നു മുതിര്‍ന്ന തലമുറയുടെ സങ്കടസാക്ഷ്യം.
പായലും കുളവാഴയും മുതല്‍ മദ്യക്കുപ്പികളും ചപ്പുചവറുകളും വരെ നീളുന്നു പല കുളങ്ങളിലെയും കാഴ്ച. ലക്ഷങ്ങളും കോടികളും മുടക്കി നവീകരിച്ച കുളങ്ങള്‍ പോലും മതിയായ പരിപാലനമില്ലാതെ നശിക്കുന്നത് പുതുമയല്ലാതായിരിക്കുന്നു.
പുതിയ സാന്പത്തിക വര്ഷത്തിലേയ്ക്കായി നഗരസഭ ഉള്‍പ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അവതരിപ്പിക്കപ്പെട്ട ബജറ്റുകളില്‍ ജലാശയ സംരക്ഷണത്തിനു വലിയ പദ്ധതികളും തുകകളും നീക്കിയിരുത്തിയിട്ടുണ്ട്. മുന്വര്ഷങ്ങളിലേതിന്റെ തനിയാവര്‍ത്തനമായി മാത്രമാണ് നാട്ടുകാര്‍ ഈ വാഗ്ദാനങ്ങളെ കണക്കാക്കുന്നത്.