മാർത്തോമ്മാ സഭയുടെ വിവിധ പുരസ്കാരങ്ങൾ നൽകുന്ന സമ്മേളനം ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വിവിധ മേഖലകളിൽ സമർപ്പിത സേവനം നിർവഹിച്ചവരെയും മികവ് തെളിയിച്ച സഭാംഗങ്ങളെയും ആദരിക്കുന്നതിനായി പുരസ്കാർ 2026 തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ സ്മാരക ഓഡിറ്റോറിയത്തിൽ നടന്നു. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്തു. രമേഷ് പിഷാരടി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. വർഗീസ് മാമ്മൻ എംഎൽഎയ്ക്കു സമ്മേളനത്തിൽ പ്രത്യേക ആദരം നൽകി.
ഇക്കൊല്ലത്തെ മാർത്തോമ്മാ മാനവ സേവ അവാർഡ് സെയ്റേയ് ആശാഭവൻ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ വർഗീസ് ഏബ്രഹാമിന് സമ്മാനിച്ചു. സഭയുടെ സജീവ ശുശ്രൂഷയിൽനിന്ന് വിരമിച്ച 24 വൈദികരെയും ചടങ്ങിൽ ആദരിച്ചു.
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഭദ്രാസനങ്ങൾക്കും ഇടവകകൾക്കുമായി വികസിപ്പിച്ച പുതിയ സോഫ്റ്റ് വെയർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഭദ്രാസന, ഇടവക തലങ്ങളിലെ വിവിധ ഭരണപരവും സംഘടനാപരവുമായ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഏകോപിതവുമാക്കുന്നതിനും വിവരസംവിധാനങ്ങളെ ഡിജിറ്റൽ രീതിയിൽ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംവിധാനം. സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ പ്രസംഗിച്ചു.
ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രപ്പോലീത്ത ഡോ. ജോസഫ് മാർ ഇവാനിയോസ്, ഡോ. തോമസ് മാർ തീത്തോസ്, തോമസ് മാർ തിമോത്തിയോസ്, സക്കറിയാസ് മാർ അപ്രേം, മാത്യൂസ് മാർ സെറാഫിം, സഭാ ട്രസ്റ്റി അൻസിൽ സക്കറിയ കോമാട്ട് തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham District News Awards 2026 Marthoma Sabha'