കണ്ണൂർ: അവധിക്കാലത്തിന്റെ ആലസ്യമൊഴിഞ്ഞ് കുട്ടികൾ വിദ്യാലയങ്ങളിലേക്ക് മടങ്ങാൻ ആഴ്ചകൾ ബാക്കിനിൽക്കേ പുത്തൻ ബാഗുകളും കുടകളും നോട്ടുബുക്കുകളുമായി സ്കൂൾ വിപണി ഒരുങ്ങിക്കഴിഞ്ഞു. കുട്ടികളെ ആകർഷിക്കാനായി പല നിറത്തിലും ആകൃതിയിലുമുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് വിപണിയിലുള്ളത്.
പുത്തൻ ട്രെൻഡുകളിലുള്ള കുടകളും ബാഗുകളും പഠനോപകരണങ്ങളുമാണ് വിപണിയിലെ താരങ്ങൾ. കുടകളിലും ബാഗുകളിലും സ്പൈഡർമാൻ, ബാർബി, ഡോറമോൻ, ഡോറ ബുജ്ജി തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങൾ നിറഞ്ഞ ഉത്പന്നങ്ങൾ വിപണി കീഴടക്കി കഴിഞ്ഞു. പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം സ്റ്റീൽ, ഗ്ലാസ് വാട്ടർ ബോട്ടിലുകളും പല വെറൈറ്റികളുമായി വിപണിയിലുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ഡിസൈൻ ചെയ്തെടുക്കുന്ന ഉത്പന്നങ്ങളാണ് വിപണിയിലെ പ്രധാന ആകർഷണം. ആൺ കുട്ടികൾക്കായി സ്പൈഡർമാൻ, അവഞ്ചേഴ്സ്, ബെൻട്ടൻ തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങൾ പ്രിന്റ് ചെയ്ത ബാഗുകളും കുടകളും പെൺകുട്ടികൾക്കായി യുണികോൺ, ബാർബി, ഡോറ തുടങ്ങിയ കഥാപാത്രങ്ങൾ പ്രിന്റ് ചെയ്ത ഉത്പന്നങ്ങൾക്കുമാണ് ആവശ്യക്കാർ ഏറെയുള്ളത്.
ഗുണനിലവാരമുള്ള ബാഗുകൾക്ക് 500 മുതൽ 2500 വരെ രൂപയാണ് വിപണിയിലെ വില. 300 രൂപയിൽ ആരംഭിക്കുന്ന സ്കൂബിഡേ ബാഗുകൾ മുതൽ ടോപ്പ് ബ്രാൻഡുകളായ നോർവ, റിജൻസി, റീഎൻഡ്, അമേരിക്കൻ ട്രാവലർ തുടങ്ങിയ കമ്പനികളുടെ ബാഗുകളും വിപണിയിലുണ്ട്. പ്രീ-പ്രെമറി കുട്ടികൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത ത്രീഡി ബാഗുകളുമുണ്ട്.
250 രൂപ മുതലാണ് കുടകൾ ആരംഭിക്കുന്നത്. ബ്രാൻഡുകളനുസരിച്ച് 600 രൂപവരെയുള്ള കുടകളും വിലിപനയ്ക്കുണ്ട്. ബ്രാൻഡ് അനുസരിച്ച ബാഗുകൾക്ക് ഒരു വർഷത്തെ വാറന്റിയും നൽകുന്നുണ്ട്. നോട്ടു ബുക്കുകൾ, നെയിം സ്ലിപ്, പേന, പെൻസിൽ, ലഞ്ച് ബോക്സ് തുടങ്ങിയവയും പല വെറൈറ്റികളിലുണ്ട്. വാട്ടർ കളർ, ക്രയോൺസ്, സ്കെച്ച്, മാർക്കർ, കളർ പെൻസിൽ, ഡ്രോയിംഗ് ബോർഡ്, സ്കെയിൽ തുടങ്ങിയ 23 ഐറ്റങ്ങൾ ഉൾപ്പെടുന്ന കളറിംഗ് കിറ്റ് വിപണിയിലെ മറ്റൊരു ആകർഷണമാണ്.
1000 രുപയാണ് വില. ബോക്സുകളിലും പൗച്ചുകളിലും ട്രെൻഡുകൾ ഏറെയാണ്. 50 രൂപയിൽ തുടങ്ങുന്ന സാധാരണ പൗച്ചുകൾ മുതൽ 300 രൂപ വരെയുള്ള പൗച്ചുകളുണ്ട്. സാധാരണ ബോക്സുകൾക്കു പുറമേ പല ആകൃതിയുള്ള ബോക്സുകളുമുണ്ട്.
ശ്രദ്ധേയമായി ജയിൽ സ്കൂൾ ബസാർ
കണ്ണൂർ: പുതിയ അധ്യയന വർഷത്തിലേക്ക് ചുവടുവയ്ക്കുന്ന വിദ്യാർഥികൾക്ക് ആശ്വാസമായി കണ്ണൂർ ജയിൽ വെൽഫെയർ എംപ്ലോയീസ് അസോസിയേഷന്റെ സ്കൂൾ ബസാർ ശ്രദ്ധേയമാകുന്നു. വിപണിയിലെ വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാർക്ക് ഗുണമേന്മയുള്ള പഠനോപകരണങ്ങൾ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്.
മികച്ച ഗുണനിലവാരമുള്ള ബാഗുകൾ, കുടകൾ, നോട്ട് ബുക്കുകൾ, വാട്ടർ ബോട്ടിലുകൾ, ലഞ്ച് ബോക്സ് തുടങ്ങിയ എല്ലാവിധ പഠനോപകരണങ്ങൾക്കും 50 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ വില്പന. 48 രൂപയുള്ള കോളജ് നോട്ട് ബുക്കിന് 31രൂപ നല്കിയാല് മതി.10 നോട്ട് പുസ്തകമടങ്ങിയ ഒരു കെട്ട് എടുത്താല്‍ 240 രൂപയും. നൂറ് പേജിന്റെ 10 നോട്ട് പുസ്തകത്തിന് 100രൂപ നല്കിയാല് മതി. 200 പേജിന്റെ നോട്ടിന് 20 രൂപയും. വിലയില്‍ വ്യത്യാസമുണ്ടെങ്കിലും ക്ലാസ് മേറ്റ്, ഫാബ്രിക് കാസ്റ്റില്‍ തുടങ്ങിയ പ്രമുഖ ബ്രാന്റുകള്‍ തന്നെയാണ് വില്പനയ്ക്കുള്ളത്.
ജോണ്സൺ, പോപ്പി, ദിനേശ് കുടകളുമുണ്ട്. കറുപ്പിന് 365 രൂപയും കളറിന് 385 രൂപയുമാണ് കുടയുടെ വില. മാര്‍ക്കറ്റില്‍ 500രൂപ എംആര്‍പിയാണ് ബ്രാന്റ് കുടകളുടെ നിരക്ക്. ബാഗുകള്‍ക്കും 40-50 ശതമാനം വരെ വിലക്കുറവുണ്ട്. 900 രൂപ എംആര്‍പിയുള്ള ബാഗിന് 450 രൂപ നല്കിയാല് മതി.1300 വിലയുള്ള വലിയ ബാഗിന് 640 രുപയും. 250 രൂപ വിലയുള്ള കോളജ് ബാഗുകളുമുണ്ട്. ടിഫിൻ ബോക്സുകളുടെയും വാട്ടർ ബോട്ടിലുകളുടെയും വലിയ ശേഖരവുമുണ്ട്.