തൃക്കരിപ്പൂർ: പയ്യന്നൂർ-തൃക്കരിപ്പൂർ പ്രധാന പാതയിലുള്ള ബീരിച്ചേരി റെയിൽവേ ഗേറ്റിൽ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട അലൈൻമെന്റിന്റെ വിശദാംശങ്ങൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപറേഷൻ കേരള (ആർബിഡിസികെ) അധികൃതർ കർമസമിതി അംഗങ്ങളുമായി പങ്കുവച്ചു.
ആർബിഡിസികെ കണ്ണൂർ പ്രോജക്ട് എൻജിനിയർ എ. അനിൽകുമാർ, കോഴിക്കോട് സീനിയർ മാനേജർ കെ. അനീഷ് കുമാർ എന്നിവരാണ് തൃക്കരിപ്പൂരിലെത്തിയത്.
റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം വേഗത്തിലാക്കാനുള്ള ഇടപെടലിനായി കഴിഞ്ഞ ഒന്നര വർഷം മുമ്പ് ജനപ്രതിനിധികളുടെയും രാഷ്ട്രീയ, സന്നദ്ധ സംഘടനകളുടെയും ഭാരവാഹികളെ ഉൾപ്പെടുത്തി തൃക്കരിപ്പൂർ കേന്ദ്രീകരിച്ച് രൂപീകൃതമായ കർമസമിതി കഴിഞ്ഞദിവസം ആർബിഡിസികെ അധികൃതരുമായി ബന്ധപ്പെട്ടാണ് വിശദാംശങ്ങൾ തേടിയത്. ഇതേതുടർന്നാണ് തൃക്കരിപ്പൂരിൽ അധികൃതരെത്തി റെയിൽവേ ലെവൽ ക്രോസ് നമ്പർ 265ൽ നിർമിക്കുന്ന ബീരിച്ചേരി മേൽപ്പാലം അലൈൻമെന്റിന്റെ വിശദാംശങ്ങൾ പങ്കുവച്ചത്.
ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എൽഇഡി പ്രോജക്ടർ വഴിയാണ് ബീരിച്ചേരി മേൽപ്പാലത്തിന്റെ അലൈൻമെന്റ് കർമസമിതി അംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. തൃക്കരിപ്പൂർ ടൗണിനോട് ചേർന്നുള്ള ലെവൽ ക്രോസ് നമ്പർ 266ൽ വെള്ളാപ്പ് റോഡ് നിർമിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ ജനറൽ ഡ്രോയിംഗ് അംഗീകരിച്ച ശേഷം വീണ്ടും അലൈൻമെന്റുൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുമെന്ന് അധികൃതർ അറിയിച്ചു.
Tags : Railway Overpass nattuvishesham local news.