കൈപ്പട്ടൂര് സെന്റ് ജോര്ജസ് മൗണ്ട് ഹൈസ്കൂള് വിദ്യാര്ഥികള് ശാസ്ത്ര പ്രോജക്ടിനെ ആസ്പദമാക്കി തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം സി.വി. ശാന്തകുമാര് എംഎല്
കൈപ്പട്ടൂര്: വിദ്യാലയമുറ്റത്തെ ചെറുനിരീക്ഷണങ്ങളില്നിന്ന് രൂപംകൊണ്ട ശാസ്ത്ര പ്രോജക്റ്റിനെ മനോഹരമായ പുസ്തകരൂപത്തിലേക്ക് വളര്ത്തിയെടുത്ത് മാതൃകയായി കൈപ്പട്ടൂര് സെന്റ് ജോര്ജ്സ് മൗണ്ട് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്ഥിനികള്. ദേവപ്രിയ, അദ്വൈത എന്നിവര് ചേര്ന്ന് രചിച്ച "കാക്ക: പ്രകൃതിപാഠങ്ങളും അതിജീവന തന്ത്രങ്ങളും' എന്ന പുസ്തകത്തിന്റെ പ്രകാശനം സി. വി. ശാന്തകുമാര് എംഎല്എ നിര്വഹിച്ചു. സ്കൂളിലെ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചായിരുന്നു പുസ്തക പ്രകാശനം.
വിദ്യാര്ഥികളില് പ്രകൃതിനിരീക്ഷണവും ശാസ്ത്രാവബോധവും വളര്ത്തുന്നതിന്റെ ഭാഗമായി സ്കൂളിലെ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില് നടത്തിയ പഠനമാണ് പുസ്തകരചനയിലേക്ക് നയിച്ചത്. നമ്മുടെ ചുറ്റുവട്ടത്ത് നിത്യവും കാണുന്ന കാക്ക എന്ന പക്ഷിയുടെ ജൈവിക വിശേഷങ്ങളെയും അവയുടെ ബുദ്ധിവൈഭവത്തെയും ലളിതമായി പുസ്തകത്തില് പ്രതിപാദിക്കുന്നു.
സെന്റ് ജോര്ജസ് മൗണ്ട് ഹൈസ്കൂളിലെ ശാസ്ത്ര അധ്യാപകരായ അജി മാത്യു, ഷേര്ലി കെ. വര്ഗീസ്, വീണ എന്നിവരുടെ മാര്ഗനിര്ദ്ദേശത്തിലും മേല്നോട്ടത്തിലുമാണ് പ്രോജക്ടും പുസ്തകരചനയും പൂര്ത്തിയായത്.
ഹെഡ്മിസ്ട്രസ് കവിത വി. കുറുപ്പ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് വിനയന് ചന്ദനപ്പള്ളി, ഗ്രാമ പഞ്ചായത്ത് അംഗം ബിജി പീറ്റര്, ജി. മനോജ്, പ്രീത് ജി. ജോര്ജ്, ഫ്രെഡി ഉമ്മന്, ശരണ്യ ബി. രാജ, എം.പി. ഷാജി എന്നിവര് പ്രസംഗിച്ചു.