ബസ് കേരളയെന്ന ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച ഒത്തുചേരൽ.
കയ്പമംഗലം: ഒരിക്കലെങ്കിലും സ്വകാര്യ ബസിൽ യാത്ര ചെയ്യാത്തവരില്ല. എന്നാൽ, ബസുകളോടുള്ള ഇഷ്ടം ജീവിതത്തിന്റെ തന്നെ ഭാഗമായാലോ? ബസുകളോടുള്ള ആരാധാന ലഹരിയായി മാറിയ ഒരു കൂട്ടരുണ്ട്. അവരുടെ കൂട്ടായ്മ ഒന്നരപ്പതിറ്റാണ്ടു പിന്നിടുകയാണിപ്പോൾ. ബസ് കേരളയെന്ന ഫേസ്ബുക്ക് കൂട്ടായ്മയാണു അസാധാരണ സൗഹൃദത്തിന്റെ ഇടമായി തുടരുന്നത്.
ബസിന്റെ സമയവും വഴികളും എൻജിനും എക്സ്ട്രാഫിറ്റിംഗ് സും ഉൾപ്പെടെ ആഴത്തിലുള്ള വിവരങ്ങളാണു ഗ്രൂപ്പിലെ ചർച്ച. 2011ൽ ചെറുസംഘമായി തുടങ്ങിയ ഗ്രൂപ്പിൽ (https://www.face book.com/groups/318476318179136) ഇന്ന് ഒന്നരലക്ഷത്തിലേറെ ആളുകളുണ്ട്. കോഴിക്കോട് സ്വദേശി അനൂപ് ശങ്കറാണു ലോഗോ തയാറാക്കിയത്. അരലക്ഷത്തോളം ആളുകൾ കൂട്ടായ്മയിൽ സജീവമായി ഇടപെടുന്നു. പൊതുഗതാഗതത്തിനു ശക്തിപകരുക, സ്വകാര്യ-സ്റ്റേജ് കാരിയേജ് ബസ് വ്യവസായത്തിനു സമൂഹത്തിലുള്ള പ്രധാന്യം വ്യക്തമാക്കുക എന്നിവയാണു ലക്ഷ്യം.
ഏതു ജില്ലയിൽ യാത്ര ചെയ്യണമെങ്കിലും ഗ്രൂപ്പിലൂടെ സംശയനിവാരണം നടത്താം. യാത്രയ്ക്കിടയിൽ സാധനങ്ങൾ നഷ്ടമായാൽ തിരികെക്കിട്ടാനുള്ള സഹായങ്ങളും ലഭിക്കും. രാത്രിബസുകൾ, ഇന്റർ-സ്റ്റേറ്റ് സർവീസുകൾ, നിരക്കുകൾ എന്നിങ്ങനെ എല്ലാവിവരങ്ങളും ഒരു കുടക്കീഴിൽ ലഭ്യം. രക്തദാനക്യാന്പുകളടക്കം ജീവകാരുണ്യത്തിലും അംഗങ്ങൾ സജീവം. കോവിഡ്കാലത്തൊഴികെ എല്ലാ വർഷവും വിവിധ ജില്ലകളിൽ അംഗങ്ങൾ ഒത്തുകൂടാറുണ്ട്.
പഴയകാല പ്രതാപികളായിരുന്ന ഗുരുവായൂർ ബസ് ട്രാൻസ്പോർട്ട്, സിഡബ്ല്യുഎംഎസ്, ജനത ട്രാൻസ്പോർട്ട് മഞ്ചേരി, എം.ആർ. രാമൻ മോട്ടോഴ്സ്, സിഎംഎസ്, മുരുകൻ, പിവിടി, നീലിമല ട്രാൻസ്പോർട്ട്, കരിക്കുളം ട്രാൻസ്പോർട്ട്, പിഎസ്എൻ, എൻടിപി, ഹരേകൃഷ്ണ, കെ.കെ. മേനോൻ, കാട്ടകത്ത്, ഗീത, ധനലക്ഷ്മി, ഇബിടി, കരിപ്പാൽ, പ്രഭു ട്രാൻസ്പോർട്സ് (പി.ടി), സാമ്രാട്ട്, പീയൂഷ്, ശ്രീഅയ്യപ്പ, മായ, മണ്ണുമ്മൽ, ആനമല ബസ് ട്രാൻസ്പോർട്ട്, മയിൽവാഹനം, ഗീത, ചന്പക്കര, ഗോകുലം, ചിറയത്ത്, രാകേഷ്, ആനന്ദരാജ്, മിഷ മുതൽ പുതിയകാലത്തെ ബസുകൾക്കും ആരാധകരേറെ. പഴയ ബസുകളുടെ അപൂർവചിത്രങ്ങളടക്കം അഞ്ചുലക്ഷത്തോളം ഫോട്ടോകൾ ഗ്രൂപ്പിലുണ്ട്.
15-ാം വാർഷികത്തോടനുബന്ധിച്ച് നവംബറിൽ ഒറ്റപ്പാലത്ത് കൂടിച്ചേരലൊരുക്കാൻ കൂട്ടായ്മയ്ക്ക് പദ്ധതിയുണ്ട്. അനുഭവസന്പത്തും ആത്മാർപ്പണവും ആവശ്യമായ ഒന്നാണു ബസ് ഫാനിംഗ് എന്ന് ഈ കൂട്ടായ്മ പഠിപ്പിക്കുന്നു. ഫേസ്ബുക്കിൽ തുടങ്ങി നിരത്തിലിറങ്ങുന്ന കൂട്ടായ്മയായി മാറിയ ബസ് കേരളയുടെ യാത്ര, പൊതുഗതാഗതത്തോടുള്ള സ്നേഹത്തിന്റെ പ്രതിഫലനമാണ്.
Tags : Nattuvishesham DistrictNews DeepikaNews Bus Kerala