കാഞ്ഞങ്ങാട്: കുശാൽനഗർ ആവിയിൽ മുസ്ലിംലീഗ് നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിന് തീവച്ചു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎമ്മും ലീഗും പോലീസിൽ പരാതി നൽകി.
വാർഡ് കൗൺസിലറും സിപിഎം നേതാവുമായ സന്തോഷ് കുശാൽനഗറിന്റെ പരാതിയിൽ ലീഗ് നേതാവ് ഷംസുദ്ദീൻ ആവിയിൽ അടക്കം 21 ലീഗ് പ്രവർത്തകർക്കെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. എന്നാൽ സിപിഎമ്മിനെ നേരിട്ട് പഴിചാരാതെ സാമൂഹ്യവിരുദ്ധരാണ് സംഭവത്തിനു പിന്നിലെന്നാണ് ലീഗ് നേതാവ് ഷംസുദ്ദീൻ ആവിയിലിന്റെ പരാതിയിൽ പറയുന്നത്.
അന്തരിച്ച മുസ്ലിംലീഗ് നേതാവ് സി.എച്ച്. അസ്ലമിന്റെ പേരിലാണ് ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചത്. ഇവിടെ ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ സിപിഎമ്മും ലീഗും തമ്മിൽ തർക്കമുണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രിയിലാണ് സിപിഎം പ്രവർത്തകരുടെ എതിർപ്പ് മറികടന്ന് ലീഗുകാർ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്. എന്നാൽ നേരം പുലർന്നപ്പോഴേക്കും ഇതിന് തീവച്ച നിലയിൽ കാണുകയായിരുന്നു. സ്ഥലത്ത് സംഘർഷമുണ്ടാക്കാനായി ലീഗ് പ്രവർത്തകർ തന്നെയാണ് കാത്തിരിപ്പുകേന്ദ്രത്തിന് തീവച്ചതെന്നാണ് സിപിഎമ്മിന്റെ ആരോപണം.
Tags : Bus stand nattuvishesham local news